ലഖ്നോ: ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് യു.പി ഐ.ജി ലക്ഷ്മി സിങ്. ആശിഷ് മിശ്രയെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഐ.ജി പറഞ്ഞു. 'ആജ്തകി'നോട് പ്രതികരിക്കുകയായിരുന്നു ഐ.ജി.
ആശിഷ് മിശ്ര കർഷകർക്ക് ഇടയിലേക്ക് വെടിവെച്ചതായും കാർ ഓടിച്ചുകയറ്റിയതായും എഫ്.ഐ.ആറിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
'ഏകദേശം മൂന്നുമണിയോടെ ആശിഷ് മിശ്രയും ആയുധധാരികളായ 15 മുതൽ 20 പേരും നാലുചക്ര വാഹനത്തിൽ ബൻബിർപുരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയിരുന്നു. മോനു മിശ്ര തന്‍റെ മഹീന്ദ്ര ഥാറിന്‍റെ ഇടതുവശത്തിരുന്ന് കർഷകർക്ക് ഇടയിലേക്ക് വെടിയുതിർത്തു. പിന്നീട് ജനക്കൂട്ടത്തെ തട്ടിമറിച്ച് വാഹനം മുന്നോട്ടുകുതിച്ചു' -എഫ്.ഐ.ആറിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോളും വിവരങ്ങളും ഉപയോഗിച്ച് കൂടുതൽ അന്വേഷണം നടത്തിയതായും ഐ.ജി പറഞ്ഞു.
എന്നാൽ, സംഭവം നടന്ന ഞായറാഴ്ച രാവിലെ ഒമ്പതുമതൽ ബൻവാരിപൂരിലായിരുന്നു താനെന്നാണ് ആശിഷ് മിശ്രയുടെ വാദം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആശിഷ് മിശ്ര നേരത്തേ എ.എൻ.ഐയോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.