ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഘർഷത്തിൽ മരിച്ച ബി.ജെ.പി പ്രവർത്തകന്‍റെ വീട് സന്ദർശിച്ച യോഗേന്ദ്ര യാദവിനെ സസ്പെൻഡ് ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഒരു മാസത്തേക്കാണ് സസ്പെൻഷൻ.
സംഘർഷത്തിനിടെ മരിച്ച ബി.ജെ.പി പ്രവർത്തകർ ശുഭം മിശ്രയുടെ കുടുംബാംഗങ്ങളെ ഒക്ടോബർ 12ന് യോഗേന്ദ്ര യാദവ് സന്ദർശിച്ചിരുന്നു. സന്ദർശനത്തെ സംബന്ധിച്ച് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ലഖിംപൂർ ഖേരിയിൽ രക്തസാക്ഷികളായ കർഷകരുടെ പ്രാർഥന യോഗത്തിൽ പങ്കെടുത്ത് മടങ്ങും വഴി ബി.ജെ.പി പ്രവർത്തകൻ ശുഭം മിശ്രയുടെ വീട് സന്ദർശിച്ചിരുന്നു. അവരുടെ കുടുംബം ഞങ്ങളോട് ദേഷ്യം കാണിച്ചില്ല. ഞങ്ങളും കർഷകരല്ലേയെന്ന് മാത്രമാണ് അവർ ചോദിച്ചത്. ഞങ്ങളുടെ മകൻ ചെയ്ത തെറ്റെന്താണെന്നും അവർ ചോദിച്ചുവെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തിരുന്നു.
നാലുകർഷകർ ഉൾപ്പെടെ ഒമ്പതുപേരാണ് ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും ഉൾപ്പെടും. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് കർഷകർക്കിടയിലേക്ക് പാഞ്ഞു കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.