ലഖിംപുർ: ലഖിംപുർഖേരിയിൽ കർഷകർക്കു നേരെ കാറോടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തിൽ നോട്ടീസിൽ പറഞ്ഞ കാലാവധി കഴിയുന്നതിന് ഒരുദിവസം മുമ്പാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.
സുപ്രീംകോടതി ഒരാഴ്ച സമയം നൽകിയിരുന്നതായും തിങ്കളാഴ്ച അവസാന ദിവസമായതിനാൽ ഒരു ദിവസം മുമ്പേ കീഴടങ്ങുകയായിരുന്നുവെന്നും ആശിഷിന്റെ അഭിഭാഷകൻ അവദേശ് സിങ് വാർത്ത ഏജൻസിയോട് പറഞ്ഞു.
സുരക്ഷ കാരണങ്ങളാൽ ആശിഷിനെ ജയിലിലെ പ്രത്യേക ബാരക്കിൽ പാർപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് പി.പി. സിങ് അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.25നാണ് ആശിഷ് മിശ്ര ലഖിംപുർ ഖേരി ജില്ല ജയിലിലെത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 18ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഒരാഴ്ചക്കകം കീഴടങ്ങാൻ ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ 2021 ഒക്ടോബർ മൂന്നിനാണ് കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കുനേരെ ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റിയത്.
നാല് കർഷകരും മാധ്യമപ്രവർത്തകനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ അക്രമത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഒക്ടോബർ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.