ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം ആകസ്മികമല്ല, ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെൻറിെൻറ ഇരുസഭകളും സ്തംഭിച്ചു. മന്ത്രി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും യു.പിയിൽ അടക്കം നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ, ബി.ജെ.പി പ്രതിരോധത്തിൽ.
കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ലഖിംപുർ കേസിൽ മുഖ്യപ്രതിയാണ്. മകനെ മന്ത്രിയും, മന്ത്രിയെ പ്രധാനമന്ത്രിയും സംരക്ഷിക്കുന്നുവെന്ന ആരോപണത്തിന് മുന്നിലാണ് ബി.ജെ.പിയും കേന്ദ്രസർക്കാറും. ആസൂത്രിത ഗൂഢാലോചനയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടും മന്ത്രിയെ പുറത്താക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസിെൻറ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ വിഷയം പാർലമെൻറിൽ ഉയർത്തിയത്.
മറ്റു വിഷയങ്ങൾ മാറ്റിവെച്ച് ലഖിംപുർ സംഭവം ഉടൻ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ അടിയന്തര നോട്ടീസ് നൽകി. എന്നാൽ സ്പീക്കർ ഓം ബിർല വിഷയം ഉന്നയിക്കാൻ അനുവദിച്ചില്ല. ഇതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ പാർട്ടികൾ നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് രണ്ടു വട്ടം സഭ നിർത്തിവെച്ചെങ്കിലും, പിന്നീട് ചേർന്നപ്പോഴും പ്രതിപക്ഷം വിട്ടുകൊടുത്തില്ല. ഡി.എം.കെ, ഇടതു പാർട്ടികൾ തുടങ്ങിയവ നടുത്തളത്തിലിറങ്ങിയെങ്കിലും തൃണമൂൽ കോൺഗ്രസ് അതിനു തയാറായില്ല.
ആസൂത്രിത ഗൂഢാലോചനയെന്നു കണ്ടെത്തിയിട്ടും മന്ത്രിയെ പുറത്താക്കാൻ തയാറാകാത്തതിെൻറ യുക്തി രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. അജയ് മിശ്ര അധികാരത്തിൽ തുടരുമ്പോൾ ഇരകൾക്ക് നീതി കിട്ടില്ല. വിഷയം പാർലമെൻറിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നടപ്പാക്കാതിരിക്കാൻ സർക്കാർ പാർലമെൻറ് നടപടികൾ തന്നെ നിർത്തിവെക്കുന്ന സാഹചര്യമാണെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരം അന്വേഷണം നടക്കുന്നുവെന്നിരിക്കേ, കോടതി മുമ്പാകെയുള്ള വിഷയത്തിൽ പാർലമെൻറിൽ ചർച്ച അനുവദിക്കാൻ പറ്റില്ലെന്നാണ് സർക്കാറിെൻറ നിലപാട്. മന്ത്രി അജയ് മിശ്ര രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ബി.ജെ.പി വാദിക്കുന്നു. അതേസമയം, കർഷക പ്രശ്നം ലഖിംപുർ കേസിലൂടെ വീണ്ടും നീറിപ്പടരുന്നതിൽ ബി.ജെ.പിക്ക് ആശങ്കയുണ്ട്. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം മന്ത്രിയെയും മന്ത്രിപുത്രനെയും, ഒപ്പം ബി.ജെ.പിയെയും വെറുതെ വിടില്ലെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.