കൊച്ചി: പ്രതിഷേധങ്ങൾ വകവെക്കാതെ വൈദ്യുതി വിതരണം സ്വകാര്യമേഖലക്ക് തീറെഴുതുന്ന പരിഷ്കാരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ മുന്നോട്ട്. ഇതിനായി വിളിച്ച പ്രാഥമിക യോഗത്തിൽ പദ്ധതി വിശദാംശങ്ങൾ പരിശോധിച്ചു. ഇതിനുള്ള ചർച്ചക്കായി നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇവർ ദാമൻ ദിയു സന്ദർശിച്ച് തുടർനടപടി സ്വീകരിക്കുമെന്നാണ് വിവരം. വൈദ്യുതി സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ഉത്തരവ് അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽനിന്ന് മടങ്ങിയ ശേഷമായിരിക്കും പുറത്തുവരുക. അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിലെത്തിയശേഷമുള്ള ആദ്യത്തെ പ്രധാന അജണ്ടയായി ഉൾപ്പെടുത്തിയത് വൈദ്യുതി സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ചർച്ചയായിരുന്നു. വിവാദമായ സ്മാർട്ട്സിറ്റി പദ്ധതി, ബംഗാരം ദ്വീപിലെ ടൂറിസം എന്നിവയുടെ കാര്യങ്ങളും ഈ ആഴ്ച തീരുമാനിക്കും.
സ്വകാര്യവത്കരണത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വൈദ്യുതി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാകുമ്പോൾ വൈദ്യുതിനിരക്ക് തീരുമാനിക്കുന്നത് ആരായിരിക്കും, വൈദ്യുതി വിതരണത്തിലെ ഭരണകൂടത്തിെൻറ ഉത്തരവാദിത്തം, ജീവനക്കാരുടെ ജോലിസുരക്ഷ എന്നിവയിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി ചാർജ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വിതരണമേഖലയുടെ സ്വകാര്യവത്കരണമെന്ന തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ലക്ഷദ്വീപ് കോൺഗ്രസും ആവശ്യപ്പെട്ടു. സ്വകാര്യവത്കരണം നിരക്ക് വർധനക്ക് കാരണമാകുമെന്നും ലക്ഷദ്വീപിലെ പാവപ്പെട്ട ജനതക്ക് അത് താങ്ങാനാകില്ലെന്നും പ്രസിഡൻറും മുൻ എം.പിയുമായ ഹംദുല്ല സെയ്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.