കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സിനിമ പ്രവർത്തക ആയിഷ സുൽത്താന ചോദ്യം ചെയ്യലിന് രണ്ടാമതും ഹാജരായി. രാവിലെ പത്തരയോടെ ലക്ഷദ്വീപ് എസ്.പി ഒാഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
കഴിഞ്ഞ ദിവസം ആയിഷ സുൽത്താനയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ലക്ഷദ്വീപ് പൊലീസ് വിട്ടയിച്ചിരുന്നു. കൂടാതെ, നാല് ദിവസം കൂടി ലക്ഷദ്വീപിൽ തുടരണമെന്ന് ആയിഷയോട് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനും സഹോദരനുമൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് ആയിഷ കവരത്തിയിലെത്തിയത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ഈ മാസം ഏഴിന് മീഡിയവൺ ചാനൽ ചർച്ചയിൽ 'ബയോവെപൺ' എന്ന പരാമർശം നടത്തിയെന്നതിന്റെ പേരിലാണ് ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയിലായിരുന്നു കവരത്തി പൊലീസിന്റെ നടപടി.
എന്തുകൊണ്ടാണ് ബയോ വെപൺ എന്ന വാക്ക് ഉപയോഗിച്ചത്, അത് പറയാനുണ്ടായ സാഹചര്യമെന്തായിരുന്നു, കേന്ദ്രത്തെയാണോ അഡ്മിനിസ്ട്രേറ്ററെയാണോ ബയോവെപൺ എന്ന് ഉദ്ദേശിച്ചത് എന്നീ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചതായും ആയിഷ പറഞ്ഞിരുന്നു. ബയോവെപൺ എന്നുപറഞ്ഞത് പ്രതീകാത്മകമാണെന്നും അഡ്മിനിസ്ട്രേറ്ററെയാണ് ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണം ആയിഷ പൊലീസിനോടും ആവർത്തിച്ചു. രാജ്യത്തെയല്ല ഉദ്ദേശിച്ചത്, സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വിമർശനമായിരുന്നു അതെന്നും ആയിഷ പറഞ്ഞു.
കേസിൽ ആയിഷയെ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.