പട്ന: ജയിൽ മോചിതനായി എത്തിയ ലാലു പ്രസാദ് യാദവ് നേരിട്ട് പടനയിച്ചിട്ടും ബിഹാറിലെ താരാപൂർ, കുശേശ്വർ ആസ്താൻ ഉപതെരഞ്ഞെടുപ്പുകളിൽ ആർ.ജെ.ഡിക്ക് തോൽവി. ആർ.ജെ.ഡി സ്ഥാനാർഥികളായ അരുൺ കുമാർ സാഹും (താരാപൂർ) ഗണേഷ് ഭാരതിയും (കുശേശ്വർ ആസ്താൻ ) ഭരണകക്ഷിയായ ജെ.ഡി.യു സ്ഥാനാർഥികളോടാണ് തോറ്റത്. ഒക്ടോബർ 30ന് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ചൊവ്വാഴ്ചയായിരുന്നു.
കുശേശ്വർ ആസ്താനിൽ വോട്ടെണ്ണലിന്റെ തുടക്കം തൊട്ട് തന്നെ ആർ.ജെ.ഡി സ്ഥാനാർഥി പിന്നിലായിരുന്നു. എന്നാൽ താരാപൂരിൽ ലീഡ് നില മാറിമറിഞ്ഞതിനാൽ ആർ.ജെ.ഡി ജയം പ്രതീക്ഷിച്ചിരുന്നു. ഇവിടെ ആർ.ജെ.ഡിയുടെ സാഹ് 75,145 വോട്ടുകൾ നേടിയെങ്കിലും ജെ.ഡി.യുവിന്‍റെ രാജീവ് കുമാർ സിങ് 78,966 വോട്ട് നേടി വിജയിച്ചു. കുശേശ്വർ ആസ്താനിൽ ജെ.ഡിയുവിന്‍റെ അമാൻ ഭൂഷൺ ഹസാരി 59,882വോട്ട് നേടിയപ്പോൾ ആർ.ജെ.ഡി സ്ഥാനാർഥിക്ക് 47,184 വോട്ട് മാത്രമാണ് പെട്ടിയിലാക്കാനായത്.
ആർ.ജെ.ഡിയോട് പിണങ്ങി രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) ആണ് മൂന്നാമതെത്തിയത്. രണ്ടുപാർട്ടികളുടെയും സാന്നിധ്യം ആർ.ജെ.ഡിക്കാണ് വിനയായത്. സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എൽ) പാർട്ടികൾ ആർ.ജെ.ഡിയെയാണ് പിന്തുണച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പ് വിജയം ജെ.ഡി.യുവിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും വലിയ ആശ്വാസമായി. ഇതോടെ അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ അവകാശവാദമുന്നയിക്കാനാണ് ജെ.ഡി.യു ലക്ഷ്യമിടുന്നത്. ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കാൻ യു.പിയിൽ നിന്ന് ചുരുങ്ങിയത് 13 സീറ്റിലെങ്കിലും ജെ.ഡി.യു ജയിക്കേണ്ടതുണ്ട്. എന്നാൽ നിർണായക തെരഞ്ഞെടുപ്പിൽ ബി.ജെ.പി എത്ര സീറ്റ് നൽകുമെന്ന കാര്യത്തിൽ തീർച്ചയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.