പട്ന: ബിഹാറിൽ ഇക്കുറി ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് സാറൻ. 2008ൽ, രൂപംകൊണ്ട മണ്ഡലത്തിൽ ആദ്യമായി ജയിച്ചുകയറിയത് ആർ.ജെ.ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. പിന്നീട്, രാജീവ് പ്രതാപ് റൂദിയിലൂടെ ബി.ജെ.പി പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാൻ ആർ.ജെ.ഡി രംഗത്തിറക്കിയിരിക്കുന്നത് ലാലുവിന്റെ സ്വന്തം മകളെ. ലാലു-റാബ്റി ദമ്പതികളുടെ നാലാമത്തെ മകളായ രോഹിണി ആചാര്യയാണ് ഇക്കുറി രാജീവ് പ്രതാബ് റൂദിയെ നേരിടുന്നത്. തിങ്കളാഴ്ച രോഹിണി പത്രിക സമർപ്പിച്ചു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ്, മകൾ മിസ ഭാരതി തുടങ്ങിയവരും പത്രികാ സമർപ്പണത്തിനെത്തി. മേയ് 20നാണ് സാരനിൽ തെരഞ്ഞെടുപ്പ്.
മെഡിക്കൽ ഡോക്ടറായ രോഹിണി പിതാവിന് വൃക്ക ദാനം ചെയ്ത് നേരത്തേ വാർത്തകളിൽ ഇടം നേടിയിരുന്നു. മത്സരരംഗത്ത് ആദ്യമായിട്ടാണ്. രോഹിണിക്ക് 16 കോടിയുടെ സ്വത്തുവകകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ, ചാപ്ര എന്ന പേരിലാണ് ഈ മണ്ഡലം അറിയപ്പെട്ടിരുന്നത്. ഇവിടെനിന്ന് ലാലു മൂന്നു തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. 2008ൽ മണ്ഡല പുനർനിർണയം നടന്നപ്പോഴാണ് സാറൻ എന്ന പേരിലറിയപ്പെട്ടത്. 2019ൽ, ചന്ദ്രിക റോയ് ആയിരുന്നു ഇവിടെ ആർ.ജെ.ഡി സ്ഥാനാർഥി. അവർ 1.3 ലക്ഷം വോട്ടിന് പരാജയപ്പെട്ടു. 2014ൽ, റാബ്റി ദേവി രാജീവ് പ്രതാപ് റൂദിയോട് 40,000 വോട്ടിനാണ് പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.