പട്ന: ലാലുപ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപിന്‍റെ വിവാഹനിശ്ചയം പട്നയിലെ ആഡംബരഹോട്ടലിൽ വെച്ച് നടന്നു. മുൻമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ചന്ദ്രിക പ്രസാദ് റായിയുടെ മകളാണ് തേജിന്‍റെ വധു ഐശ്വര്യ റായ്. അഴിമതിക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന ലാലുവിന്‍റെ അസാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്.
ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ 200ഓളം പേരെ മാത്രമാണ് അതിഥികളായി ക്ഷണിച്ചത്. ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് മുൻമുഖ്യമന്ത്രിയും തേജിന്‍റെ മാതാവുമായ റാബ്റി ദേവിയാണ്. മാളുകളിൽ കറങ്ങിനടക്കാത്ത ഭർത്താവിന്‍റെ മാതാപിതാക്കളെ ബഹുമാനിക്കുന്ന വധുവിനെയാണ് താൻ തേടിയതെന്ന് റാബ്റി ദേവി പറഞ്ഞു.
വിവാഹാഘോഷത്തിന്‍റെ ഭാഗമായി യാദവിന്‍റെ വീട്ടിൽ നിന്ന് വണ്ടികൾ നിറയെ പഴക്കൊട്ടകൾ എത്തിയിരുന്നു. ഡിൽഹി, കൊൽക്കത്ത, ബംഗളുരൂ, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ എത്തിയത്. ചരിത്രത്തിൽ ബിരുദധാരിയായ ഐശ്വര്യറായിയുടെ മാതാവ് കോളേജ് അധ്യാപികയാണ്. വിവാഹം അടുത്ത് മാസം ആദ്യം നടക്കുമെന്നാണ് സൂചന.
ലാലു-റാബ്റി ദമ്പതികളുടെ ഒൻപത് മക്കളിൽ മൂത്തയാളാണ് തേജ് പ്രതാപ്. കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. നിതീഷ്കുമാർ ബി.ജെ.പിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയതിനെ തുടർന്ന് ആർ.ജെ.ഡിക്ക് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.
ഐശ്വര്യയും തേജും പട്ന എയർപോർട്ടിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഡൽഹിയിൽ നിന്നും വരികയായിരുന്ന തേജും ഡൽഹിയിലേക്ക് പോകുന്ന ഐശ്വര്യയും അന്ന് വി.ഐ.പി ലോഞ്ചിൽ വെച്ച് ഏറെ നേരം സംസാരിച്ചിരുന്നു. പട്നയിലെ വെറ്റിനറി കോളജ് മൈതാനത്ത് വെച്ചായിരിക്കും വിവാഹം നടക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. തേജ് പ്രതാപിന്‍റെ ഭീഷണിയെ തുടർന്ന് ഉപമുഖ്യമന്ത്രി സുശീൽ മോഡിയുടെ പുത്രന്‍റെ വിവാഹവും ഇവിടെ വെച്ചായിരുന്നു നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.