പട്ന: ബിഹാറിൽ ആർ.ജെ.ഡിക്ക് സഖ്യകക്ഷി ഭരണം നഷ്ടപ്പെട്ടതിന് പിറകെ, പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഇ.ഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി. റെയിൽവേ ജോലിക്ക് പകരം ഭൂമി കുംഭകോണ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് തിങ്കളാഴ്ച രാവിലെ 11.05ഓടെ രാജ്യസഭ എം.പികൂടിയായ മകൾ മിസ ഭാരതിയോടൊപ്പമാണ് ലാലു എത്തിയത്. ആർ.ജെ.ഡി പ്രവർത്തകർ ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ലാലുവിന്റെ ഭാര്യ റാബ്റി ദേവിയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ റെയിൽവേ ഉദ്യോഗാർഥിയിൽനിന്ന് ജോലിക്ക് പകരം വസ്തു സ്വന്തമാക്കുകയും ഇത് ലാലുവിന്റെ മറ്റൊരു മകളായ ഹേമ യാദവിന് കൈമാറുകയും ചെയ്തെന്ന് ഇ.ഡി ആരോപിച്ചു.
2004-09 കാലയളവിൽ യു.പി.എ സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ്, 12 ഉദ്യോഗാർഥികൾക്ക് റെയിൽവേയിൽ ജോലി നൽകിയതിന് പകരം നിസ്സാര വിലക്ക് ഇവരുടെ ഭൂമി എഴുതിവാങ്ങിയെന്നാണ് സി.ബി.ഐ കേസ്. ലാലുവിനെ കൂടാതെ ഭാര്യയും രണ്ടുമക്കളും ഉൾപ്പെടെ 16 പേരെ പ്രതിചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസിൽ ലാലുവിനെയും മകൻ തേജസ്വി യാദവിനെയും ചോദ്യം ചെയ്യാൻ ജനുവരി 19നാണ് ഇ.ഡി പുതിയ സമൻസ് അയച്ചത്. തേജസ്വി യാദവിനോട് ചൊവ്വാഴ്ച ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഒറ്റക്ക് നടക്കാൻ പോലും കഴിയാത്ത പിതാവിനൊപ്പം ഒരു സഹായിയെ പോലും നിർത്താൻ ഇ.ഡി ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ലാലുവിന്റെ മറ്റൊരു മകൾ രോഹിണി ആചാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിതാവിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി നിതീഷ് കുമാറും സി.ബി.ഐയും ഇ.ഡിയും ആയിരിക്കുമെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.