സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. അപകടം നടന്ന കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ.
ഹെലികോപ്ടർ മഞ്ഞിനുള്ളിലേക്ക് മായുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്. ഇവിടെ റെയിൽപാളത്തിലൂടെ നടന്നുപോകുന്ന ഒരു കൂട്ടം ആളുകളാണ് വിഡിയോ പകർത്തിയത്. വലിയ ശബ്ദവും കേൾക്കുന്നുണ്ട്. കോപ്ടർ തകർന്നതാണോയെന്ന് ഒരാൾ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തകർന്ന ഹെലികോപ്ടറിന്റേതാണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ അന്വേഷണസംഘം തെളിവായി ശേഖരിച്ചു.
ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേർന്ന തോട്ടത്തിലെ മലഞ്ചരിവിൽ, നഞ്ചപ്പൻചത്തിരം കോളനിക്കു സമീപമാണ് കോപ്ടർ നിലംപതിച്ചത്. തമിഴ്നാട് സർക്കാറിനു കീഴിലുള്ള ഹോർട്ടികൾചർ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വൻമരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നുവീണയുടൻ കോപ്ടറിന് തീപിടിച്ചു. കോപ്ടറിെൻറ ഭാഗങ്ങൾ ചിന്നിച്ചിതറി.
എസ്റ്റേറ്റ് തൊഴിലാളികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു. അഗ്നിശമന വിഭാഗങ്ങളും പൊലീസ്-പട്ടാള യൂനിറ്റുകളുമെത്തുന്നതിനു മുമ്പ് നാട്ടുകാർ തീയണക്കാൻ വിഫലശ്രമം നടത്തി. കോപ്ടർ ടാങ്കറിലെ ഇന്ധനത്തിന് തീപിടിച്ചതായാണ് വിവരം. സംഭവം നടന്ന് ഒന്നര മണിക്കൂറിനുശേഷമാണ് ഫലപ്രദമായി തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞത്. കാട്ടേരി നഞ്ചപ്പൻചത്തിരം കോളനിയിൽ 50ഓളം തൊഴിലാളി കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്.
കോളനിയിൽനിന്ന് 100 മീറ്റർ അകലെയാണ് കോപ്ടർ തകർന്നുവീണത്. സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങൾ കൈകാലുകൾ വേർപെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചു. ഇവർക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടൺ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.