മുംബൈ: മറാത്ത സംവരണം ആവശ്യപ്പെട്ട് ഉപവാസസമരം നടത്തുന്നവർക്കെതിരായ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. വെള്ളിയാഴ്ചയാണ് ജൽനയിൽ സമരക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തത്. ഇതേ തുടർന്ന് ശനിയാഴ്ച മഹാരാഷ്ട്രയിൽ പലയിടങ്ങളിലും മറാത്ത സമുദായം ബന്ദ് നടത്തുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പ്രതിഷേധം മറ്റ് ഭാഗങ്ങളിലേക്കും പടർന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരുകയും ചെയ്തു. മറ്റൊരു ഉപമുഖ്യമന്ത്രി എൻ.സി.പി വിമതൻ അജിത് പവാർ പൊലീസ് നടപടിയിൽ ക്ഷുഭിതനാണ്. അജിതിനോട് ഭരണസഖ്യം വിടാൻ മറാത്ത പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽനിന്നാണ് ലാത്തിച്ചാർജിനുള്ള ഉത്തരവ് പോയതെന്നാണ് ആരോപണം. ഇതോടെ സർക്കാർ പ്രതിക്കൂട്ടിലായി.
തുടർന്നാണ് ഖേദപ്രകടനം. സംവരണം നടപ്പാക്കാൻ വഴികൾ തേടുമെന്ന് സർക്കാർ ആവർത്തിച്ചു. മറാത്ത സംവരണം സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും പൊതുതാൽപര്യ ഹരജിയെ തുടർന്ന് ബോംബെ ഹൈകോടതി റദ്ദാക്കുകയായിരുന്നു. മറാത്തികൾ പ്രബല വിഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചയോടെ മറാത്ത സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരം നയിക്കുന്ന മനോജ് ജരൻഗെ പാട്ടീൽ പറഞ്ഞു..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.