ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്‍െറ നടപടികളിലേക്ക് കടന്ന നിയമ കമീഷനിലെ ഏതാനും അംഗങ്ങളുടെ ആര്‍.എസ്.എസ് പശ്ചാത്തലം ചര്‍ച്ചയാവുന്നു. ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ പ്രതിക്കു വേണ്ടി വാദിച്ച രാജ്കോട്ട് സ്വദേശിയായ അഭിഭാഷകന്‍ അഭയ് ഭരദ്വാജ് നിയമ കമീഷനില്‍ പാര്‍ട്ട്ടൈം അംഗമായി നിയോഗിക്കപ്പെട്ടത് ഈയിടെയാണ്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ. അദ്വാനിയുടെ അഭിഭാഷകനായിരുന്ന ചണ്ഡീഗഢില്‍നിന്നുള്ള മുന്‍ ബി.ജെ.പി എം.പി സത്യപാല്‍ ജെയിനാണ് മറ്റൊരു പാര്‍ട്ട്ടൈം അംഗം. ഗുജറാത്ത് നാഷനല്‍ ലോ യൂനിവേഴ്സിറ്റി ഡയറക്ടര്‍ ബിമല്‍ പട്ടേലും പാര്‍ട്ട്ടൈം അംഗമാണ്.
നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടി, നിയമ പാണ്ഡിത്യത്തിന്‍െറ പിന്‍ബലത്തോടെ നിഷ്പക്ഷമായി കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുകയാണ് നിയമ കമീഷന്‍െറ ചുമതല. അംഗങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം കമീഷന്‍െറ നിലപാടുകളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന്‍െറ പ്രായോഗിക സാധ്യത പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കമീഷനോട് ആവശ്യപ്പെട്ടത്. അതിനോടനുബന്ധിച്ചാണ് ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവര്‍ കമീഷനിലേക്ക് കടന്നുവന്നത്.
സുപ്രീംകോടതി റിട്ട. ജഡ്ജി ബല്‍ബീര്‍ സിങ് ചൗഹാന്‍ അധ്യക്ഷനായ നിയമ കമീഷനില്‍ ഗുജറാത്ത് ഹൈകോടതി മുന്‍ ജഡ്ജി രവി ആര്‍. ത്രിപാഠി, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസറും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ നിയമോപദേഷ്ടാവുമായ മലയാളി പ്രഫസര്‍ എസ്. ശിവകുമാര്‍ എന്നിവര്‍ മുഴുസമയ അംഗങ്ങളാണ്. മുന്‍ ലജിസ്ലേറ്റിവ് സെക്രട്ടറി ഡോ. സഞ്ജയ് സിങ്ങാണ് മെംബര്‍ സെക്രട്ടറി. 2018 ആഗസ്റ്റ് 31 വരെയാണ് 21ാം നിയമ കമീഷന്‍െറ പ്രവര്‍ത്തന കാലാവധി.
മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയില്‍ മൂന്നിലൊന്നും പിന്നിട്ടു കഴിഞ്ഞ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ടൊന്നും നല്‍കിയിട്ടില്ല. 20ാം നിയമ കമീഷന്‍ മൂന്നു വര്‍ഷത്തിനിടയില്‍ 19 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് നല്‍കി. കമീഷനിലെ നിയമനങ്ങള്‍ വൈകിപ്പിച്ച സര്‍ക്കാര്‍, തങ്ങളുടെ ആശയങ്ങള്‍ക്കൊത്താണ് ഒടുവില്‍ കരുനീക്കിയത്.
ആദ്യമായാണ് റിപ്പോര്‍ട്ട് സമര്‍പ്പണ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം ദുരുപയോഗിക്കപ്പെടുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടയില്‍, 124 -എ വകുപ്പില്‍ (രാജ്യദ്രോഹം) വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനാണ് കമീഷനെ ആദ്യം ചുമതലപ്പെടുത്തിയത്. ക്രിമിനല്‍ നീതിന്യായ സംവിധാനം, ഏകീകൃത ജാമ്യനിയമം, കാലഹരണപ്പെട്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച നിര്‍ദേശങ്ങളും കമീഷന്‍ മുന്നോട്ടുവെക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.