ചെന്നൈ: യുവാക്കളുടെയും വിദ്യാർഥികളുടെയും വനിതകളുടെയും ശാക്തീകരണത്തിലൂടെ മുസ്ലിം ലീഗിനെ രാജ്യത്തെ നിർണായക സ്വാധീനശക്തിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനം. ഇന്ത്യ ഒരു സമുദായത്തിന്റേതു മാത്രമല്ലെന്നും 4698 സമുദായങ്ങളുണ്ടെന്നതാണ് രാജ്യത്തിന്റെ സവിശേഷതയെന്നും ലീഗിന്റെ പ്രവർത്തനം മുസ്ലിം സമുദായത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സമ്മേളനത്തിൽ അധ്യക്ഷതവഹിച്ച ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ പറഞ്ഞു.
എല്ലാ സമുദായങ്ങൾക്കും നീതിയും സമത്വവും ഉറപ്പാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഒരു കൈയിൽ ഇന്ത്യൻ ഭരണഘടനയും മറുകൈയിൽ ഖുർആനും മുറുകെപ്പിടിച്ചാണ് ലീഗിന്റെ പ്രവർത്തനം. ഖുർആൻ മുസ്ലിംകൾക്ക് മാത്രമുള്ളതല്ല, ലോകത്തെ മുഴുവൻ മനുഷ്യർക്കുമുള്ളതാണെന്നപോലെ ലീഗിന്റെ പ്രവർത്തനവും മുഴുവൻ മനുഷ്യർക്കുമായുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മതേതര ഇന്ത്യ ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ വിഷയമവതരിപ്പിച്ചു. ദേശീയ സെക്രട്ടറിമാരായ ഖുർറം അനീസ് ഉമർ, എച്ച്. അബ്ദുൽ ബാസിത്, കേരള സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, തമിഴ്നാട് സെക്രട്ടറി അഡ്വ. വി. രാജീവ ഗിരിധരൻ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് മുസ്ലിം ലീഗിനെക്കുറിച്ച വിവിധ പുസ്തകങ്ങളുടെ പ്രകാശനം അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രാഷ്ട്രനിർമാണ പ്രക്രിയയിൽ യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ, കർഷകർ, പ്രവാസികൾ, തൊഴിലാളികൾ എന്നിവരുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുനവ്വറലി തങ്ങൾ അധ്യക്ഷത വഹിച്ചു.
അബ്ദുസ്സമദ് സമദാനി വിഷയാവതരണം നടത്തി. ജിഗ്നേഷ് മേവാനി മുഖ്യാതിഥിയായിരുന്നു. വനിത പ്രതിനിധി സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് എ.എസ്. ഫാത്തിമ മുസഫർ അധ്യക്ഷത വഹിച്ചു. ‘ആത്മാഭിമാനത്തോടെയുള്ള നിലനിൽപ്പിന് ഉത്തരവാദിത്ത രാഷ്ട്രീയം’ എന്ന സെമിനാറിനുശേഷം ഉർദു ഗസൽ സന്ധ്യയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.