വോട്ടർ ഡേറ്റ ചോർത്തൽ: എല്ലാം ബി.ബി.എം.പി തലവന്‍റെ ഉത്തരവനുസരിച്ച്

ബംഗളൂരു: സ്വകാര്യസ്ഥാപനമായ 'ഷിലുമെ എജുക്കേഷനൽ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ട്രസ്റ്റ്' വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ അടക്കം ചോർത്തിയ സംഭവത്തിൽ താൻ മേലുദ്യോഗസ്ഥനായ ബി.ബി.എം.പി ചീഫ് കമീഷണറുടെ ഉത്തരവ് അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ക്രമക്കേടിൽ സസ്പെൻഷനിൽ കഴിയുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ.

ബി.ബി.എം.പി സ്പെഷൽ കമീഷണർ (അഡ്മിനിസ്ട്രേഷൻ) എസ്. രംഗപ്പയാണ് ഇതുസംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരിക്കുന്നത്. ഇയാളെ ബുധനാഴ്ചയും പൊലീസ് ചോദ്യംചെയ്തിരുന്നു. താൻ ഒരുവിധത്തിലുള്ള ക്രമക്കേടും നടത്തിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ചെയ്തത് കമീഷണറുടെ ഉത്തരവനുസരിച്ചാണെന്നും എസ്. രംഗപ്പ പറഞ്ഞു.

ഷിലുമേ ജീവനക്കാർക്ക് ബി.ബി.എം.പി ചീഫ് കമീഷണറുടെ നിർദേശമനുസരിച്ചാണ് തിരിച്ചറിയൽ കാർഡുകൾ നൽകി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ വീടുകളിലേക്ക് അയച്ചത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരും അസിസ്റ്റന്‍റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരും തയാറാക്കിയ ബൂത്ത്ലെവൽ ഓഫിസർമാർ ഇവരോടൊപ്പം ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.

അതേസമയം, മറ്റൊരു ഐ.എ.എസ് ഓഫിസർ ആയ ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. വെള്ളിയാഴ്ച ഇദ്ദേഹം എത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരുവരെയും ഡിസംബർ മൂന്നിന് ചോദ്യംചെയ്തിരുന്നു. എന്നാൽ, മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കവെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട് നടന്നത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവിൽ സ്വകാര്യ ഏജൻസിക്ക് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ ബി.ജെ.പി സർക്കാറിന്‍റെ കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അനുമതി നൽകുകയായിരുന്നു.

ഒമ്പതു ജില്ലകൾ വരുന്ന മുനിസിപ്പൽ കോർപറേഷനായ ബി.ബി.എം.പി ഷിലുമെക്ക് അനുമതി നൽകി. എന്നാൽ, ഇവർ നൂറുകണക്കിന് ആളുകളെ ഏർപ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) ചമഞ്ഞ് വീടുകൾ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാർ നമ്പർ, മൊബൈൽനമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ഏറെക്കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകിയെന്നും ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്.

Tags:    
News Summary - leaking of voter data: All on orders of BBMP chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.