ന്യൂഡൽഹി: ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) ലൈസന്‍സുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാന്‍ നിയമാനുമതിയുണ്ടോയെന്നതിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടി സുപ്രീംകോടതി. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത സാഹചര്യങ്ങളെ ബാധിക്കുന്ന ഈ വിഷയത്തെ വിശദമായി പരിശോധിക്കാനും തീരുമാനം രണ്ടുമാസത്തിനകം അറിയിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമ ഭേദഗതി ആവശ്യമുണ്ടോ എന്നും അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആരാഞ്ഞു.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെതിരായ മുകുന്ദ് ദേവാങ്കൻ കേസിൽ സുപ്രീം കോടതിയുടെ 2017ലെ വിധി കേന്ദ്രം അംഗീകരിക്കുകയും ചട്ടങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്തുവെന്ന് വാദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് ഡ്രൈവർമാരാണ് ജോലി ചെയ്യുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതൊരു ഭരണഘടനാ പ്രശ്‌നമല്ല. നിയമപരമായ പ്രശ്‌നമാണ് - ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ് നരസിംഹ, പങ്കജ് മിത്തൽ എന്നിവരും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
സർക്കാർ നിലപാട് കോടതിയെ അറിയിച്ചാലുടൻ ഭരണഘടനാ ബെഞ്ചിൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. എല്‍.എം.വി. ലൈസന്‍സുള്ളയാള്‍ക്ക് 7,500 കിലോ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാമോ എന്ന വിഷയത്തില്‍ സുപ്രീംകോടതി നേരത്തേ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയുടെ സഹായം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.