ന്യൂഡൽഹി: രാജ്യത്തെ നിയമനിർമാണസഭകൾ കൃത്യമായ പഠനം നടത്താതെയും അനന്തര ഫലങ്ങൾ വിലയിരുത്താതെയും നിയമങ്ങൾ പാസാക്കുന്നത് നീതിന്യായ സംവിധാനത്തിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു.
കോടതികളിൽ കേസുകളുടെ ഭാരം വർധിപ്പിക്കുന്നതിലേക്കാണ് ഇത്തരം നടപടികൾ ചെന്നെത്തുന്നത്. നെഗോഷ്യബ്ൾ ഇൻസ്ട്രുമെൻറ്സ് ആക്ടിലെ സെക്ഷൻ 138െൻറ തുടക്കംതന്നെ അതിന് ഉദാഹരണമാണ്. മജിസ്ട്രേറ്റുമാർക്ക് ഇൗ നിയമം വലിയ പ്രയാസം സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് കേസുകളെയും ഇത് ബാധിക്കുന്നു. കോടതികളാണ് നിയമങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് സാധാരണക്കാർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ മറ്റൊരു വിഷയമാണ് കോടതികളുടെ പുനർനാമകരണം. പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ നിലവിലെ കോടതികളെ വാണിജ്യ കോടതികളായി പുനർനാമകരണം ചെയ്യുന്നത് കേസുകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭരണഘടനാ ദിനാഘോഷ ചടങ്ങിെൻറ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നിയമമന്ത്രി കിരൺ റിജിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ പ്രശ്നം ബഹുമുഖ സ്വഭാവമുള്ളതാണ്. കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ 9000 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്ര നിയമമന്ത്രിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച ചീഫ് ജസ്റ്റിസ്, ഫണ്ടല്ല വിഷയമെന്നും മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ചില സംസ്ഥാനങ്ങൾ മുന്നോട്ടുവരാത്തതാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ ഉപയോഗിക്കാനാവാത്ത സ്ഥിതിവിശേഷം ഇതുവഴി ഉണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.