മുംബൈ: യോഗി ആദിത്യനാഥ് എന്ത് പരിശ്രമം നടത്തിയാലും ചലച്ചിത്ര വ്യവസായം മുംബൈയിൽ നിന്ന് മറ്റൊരിടത്തേക്കും പോവില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ഉത്തർപ്രദേശിലെ നിർദ്ദിഷ്ട ചലച്ചിത്ര നഗരത്തിന്‍റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നടൻ അക്ഷയ് കുമാർ ഉൾപ്പെടെയുള്ള ബോളിവുഡ് വ്യക്തികൾ യോഗിയെ സന്ദർശിച്ചതിന് പിന്നാലെയാണ് ദേശ്മുഖിന്റെ പരാമർശം.
'100 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഒരു സിനിമാ വ്യവസായം സ്ഥാപിക്കപ്പെട്ടു. മുംബൈയിലെ സൗകര്യങ്ങൾ മറ്റേതൊരു സംസ്ഥാനത്തിനും നൽകാനാകുമെന്ന് ഞാൻ കരുതുന്നില്ല. ഇവിടത്തെ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. ഇവിടെ ചലച്ചിത്ര വ്യവസായത്തിന് പറ്റിയ സ്ഥലമാണെന്ന് എനിക്ക് ഉറപ്പുണ്ട്'-ദേശ്മുഖ് പറഞ്ഞു.
യോഗി ആദിത്യനാഥ് എന്ത് പരിശ്രമം നടത്തിയാലും, ചലച്ചിത്ര വ്യവസായം മുംബൈയിൽ നിന്ന് മറ്റൊരിടത്തേക്കും പോവില്ല. അദ്ദേഹം ശ്രമം നടത്തട്ടെയെന്നും ദേശ്മുഖ് പറഞ്ഞു. മുംബൈയിലെ ചലച്ചിത്ര നഗരത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ ശിവസേന അറിയിച്ചിരുന്നു.
'ദക്ഷിണേന്ത്യയിലെ ചലച്ചിത്ര വ്യവസായവും വലുതാണ്, പശ്ചിമ ബംഗാളിലും പഞ്ചാബിലും ചലച്ചിത്ര നഗരങ്ങളുണ്ട്. യോഗിയും ഈ സ്ഥലങ്ങൾ സന്ദർശിച്ച് അവിടെയുള്ള സംവിധായകരോടും കലാകാരന്മാരോടും സംസാരിക്കുമോ അതോ അദ്ദേഹം മുംബൈയിൽ മാത്രം കേന്ദ്രീകരിക്കാൻ പോകുകയാണോ?' ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു.
'മുംബൈയാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനം. മുഖ്യമന്ത്രിമാർ ഇവിടെയെത്തി അവരുടെ വ്യവസായങ്ങൾക്കായി നിക്ഷേപങ്ങളും മറ്റും എടുക്കാൻ ശ്രമിക്കുന്നു. യോഗി ആദിത്യനാഥും മുംബൈയിൽ ഈ ശ്രമത്തിൽ എത്തിയിരിക്കാം' -മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്ക് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ യോഗി യു.പിയിൽ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡുമായി ബന്ധപ്പെട്ട ചിലരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 1,000 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയ യോഗി അക്ഷയ്കുമാർ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നോയിഡയില്‍ നിര്‍ദ്ദിഷ്ട ചിത്രനഗരി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. നേരത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ബുദ്ധ്‌നഗറിലാണ് യുപി സര്‍ക്കാര്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ മുംബൈ കമ്പനികളെ യോഗി ക്ഷണിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.