മുംബൈ: രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവ സേനയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ വെല്ലുവിളി.
‘നമുക്ക് എല്ലാവർക്കും പുതിയ തെരഞ്ഞെടുപ്പിനെ നേരിടാം. അന്തിമ തീരുമാനം ജനങ്ങളെടുക്കട്ടെ. ഞാൻ രാജിവെച്ചതുപോലെ, ധാർമികത കണക്കിലെടുത്ത് മുഖ്യമന്ത്രിയും രാജിവെക്കണം. -ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം വിമത നീക്കം നടത്തിയ എം.എൽ.എമാർക്ക് സ്പീക്കർ അയോഗ്യത പ്രഖ്യാപിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി സുപ്രീം കോടതിയെ സമീപിക്കുമെന്നും താക്കറെ വ്യക്തമാക്കി.
സമയത്തിനുളളിൽ സ്പീക്കർ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. നിലവിൽ സ്പീക്കർ വിദേശത്താണ്. അദ്ദേഹം തിരിച്ചു വന്നാലുടൻ തീരുമാനമെടുക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചില കാര്യങ്ങൾ പറയാനുണ്ട്. വളരെ ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. നിങ്ങൾ അത് നിർത്തലാക്കണം. മഹാരാഷ്ട്രയുടെ പേര് ലോകത്തിനു മുന്നിൽ നശിപ്പിക്കപ്പെടുകയാണ്. അത് അംഗീകരിക്കാനാവില്ല. -താക്കറെ പറഞ്ഞു.
ഗവർണറുടെ തെറ്റായ തീരുമാനമാണ് ഷിൻഡെ സർക്കാറിന് അധികാരത്തിലേറാൻ വഴിതുറന്നതെങ്കിലും സർക്കാറിനെ തുടരാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയാണ് ഉദ്ധവിന്റെ പരാമർശം.
സ്പീക്കറിന്റെ അധികാരം സംബന്ധിച്ച തർക്കം ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിരാകരിച്ച കോടതി, രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഭരണഘടനാ വിരുദ്ധമായ നടപടി സ്വീകരിച്ച അന്നത്തെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരിക്കെതിരെ നടപടി വേണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. ഒരാൾക്കെതിരെ നടപടി സ്വീകരിച്ചാൽ, മറ്റുള്ളവർ തെറ്റായി ഒന്നും ചെയ്യില്ലെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.