തെരഞ്ഞെടുപ്പ് നീതിയുക്തവും ജനാധിപത്യപരവുമായാണ് നടക്കുന്നെന്ന് ഉറപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം മുതൽ ഫലം പുറത്തുവരുന്നതുവരെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടാകും.
പെരുമാറ്റച്ചട്ടം പ്രധാനമായും എട്ട് ഘടകങ്ങളിലായിരിക്കും. പൊതുചട്ടം, പൊതുയോഗങ്ങള്‍, ഘോഷയാത്ര, പോളിങ് ദിവസം, പോളിങ് ബൂത്തുകള്‍, നിരീക്ഷകര്‍, അധികാരത്തിലുള്ള പാര്‍ട്ടി, തെരഞ്ഞെടുപ്പ് പ്രകടനപത്രിക എന്നിവയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലുള്പ്പെടുന്ന പ്രധാന കാര്യങ്ങള്‍.
മറ്റു രാഷ്ട്രീയപാര്‍ട്ടികളെയും സ്ഥാനാർഥികളെയും അവരുടെ നയങ്ങളെയും പ്രവര്‍ത്തന മികവിനെയും ആരോഗ്യകരമായരീതിയില്‍ വിമര്‍ശിക്കാമെങ്കിലും പരിധി വിട്ടാല്‍ തെരഞ്ഞെടുപ്പ് കമീഷന് നടപടിയെടുക്കും. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ ഉയർത്തുന്നെതാന്നും തെരഞ്ഞെടുപ്പില്‍ വോട്ട് നേടാൻ വേണ്ടി ചെയ്യരുത്. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യക്തികളുടെ സമാധാനപരവും ശല്യമില്ലാത്തതുമായ വീട്ടുജീവിതത്തിനുള്ള അവകാശം ഹനിക്കാൻ പാടില്ല. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ കൃത്യമായ വിവരങ്ങളില്ലാതെ വിമര്‍ശിക്കാനോ പാടില്ല.
പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും അതാത് ലോക്കല്‍ പൊലീസിൽനിന്ന് അനുമതി വാങ്ങണം. റാലികള്‍ക്ക് വേണ്ട സുരക്ഷ അതാത് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
എതിരാളികളുടെ കോലങ്ങള്‍ നിര്‍മിക്കാനോ കത്തിക്കാനോ പാടില്ല. ഒരേ റൂട്ടില്‍ രണ്ട് എതിര് പാര്ട്ടിക്കാര് റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്തതരത്തില് വേണം ഇവ നടത്താന്‍.
സ്വതന്ത്രവും നിഷ്പക്ഷവും സമാധാനപരവുമായ പോളിങ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം. പാര്‍ട്ടികൾ അവരുടെ അംഗീകൃത പ്രവർത്തകർക്കായി അനുയോജ്യമായ ബാഡ്ജ്/ തിരിച്ചറിയൽ കാർഡ് അനുവദിക്കണം. വോട്ടർമാർക്കുള്ള തിരിച്ചറിയൽ സ്ലിപ്പിൽ ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ പാർട്ടിയോ രേഖപ്പെടുത്താൻ പാടില്ല. തെരഞ്ഞെടുപ്പ് ദിനത്തിലും 48 മണിക്കൂർ മുമ്പും മദ്യം വിതരണം ചെയ്യാനോ വിളമ്പാനോ പാടില്ല.
വോട്ടര്‍മാരും തെരഞ്ഞെടുപ്പ് കമീഷെൻറ പാസുള്ളവരും ഒഴികെ മറ്റാരെയും പോളിങ് ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പോളിങ് ബൂത്തിെൻറ 100 മീറ്റര്‍ പരിധിക്കകത്ത് ഒരുതരത്തിലുള്ള പ്രചാരണ പരിപാടികളും വോട്ട് പിടിക്കാനുള്ള പ്രവർത്തനങ്ങളും പാടില്ല.
തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകരെ നിയമിക്കും. സ്ഥാനാർഥികൾക്കോ അവരുടെ ഏജൻറുമാർക്കോ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യക്തമായ പരാതിയുണ്ടെങ്കിൽ നിരീക്ഷകരുടെ ശ്രദ്ധയിൽപെടുത്താം.
നിയന്ത്രണങ്ങള്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാര പാര്‍ട്ടികള്‍ക്ക് ബാധകമാണ്. മന്ത്രിമാർ അവരുടെ ഒൗദ്യോഗിക യാത്രകളും തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട യാത്രകളും യോജിപ്പിക്കരുത്. സർക്കാർ ചെലവിലുള്ള ഗതാഗത സൗകര്യങ്ങൾ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ സൗകര്യത്തിനായി വിനിയോഗിക്കരുത്. പൊതുസ്ഥലങ്ങൾ കുത്തകയാക്കിവെക്കരുത്. െറസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ താമസസൗകര്യങ്ങൾ ഭരിക്കുന്ന പാർട്ടി കുത്തകയാക്കി വെക്കരുത്.
പൊതുപണം ഉപയോഗിച്ച് പൊതു സ്വകാര്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കാലയളവിൽ സർക്കാറിെൻറ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പരസ്യമോ വാർത്തയോ പ്രസിദ്ധീകരിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രിമാർ ഉൾപ്പെടെയുള്ള അധികാരികൾ ഗ്രാൻറുകളോ ധനസഹായമോ അനുവദിക്കാനും വാഗ്ദാനം നൽകാനും പാടില്ല. പദ്ധതികൾക്കായുള്ള തറക്കല്ലിടൽ, പദ്ധതികൾക്കായുള്ള വാഗ്ദാനം, സർക്കാർ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക നിയമനം തുടങ്ങിയവ പാടില്ല.
ഭരണഘടന തത്ത്വങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ പാടില്ല. പ്രകടനപത്രികയിലെ ഉള്ളടക്കം പെരുമാറ്റച്ചട്ടങ്ങൾക്കനുസൃതമായിരിക്കണം. ജനങ്ങളുടെ ക്ഷേമം സംബന്ധിച്ച വാഗ്ദാനങ്ങൾ ആകാം. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധി ഇല്ലാതാക്കുന്നതും അന്യായമായ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരിൽ സ്വാധീനം ചെലുത്തുന്നതുമായ നടപടികളിൽനിന്ന് പാർട്ടികൾ വിട്ടുനിൽക്കണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ കമീഷന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചയുടനെ അവര്‍ക്ക് മറുപടി സമര്‍പ്പിക്കാം. കുറ്റക്കാരനാണെന്ന് സ്വമേധയാ സമ്മതിച്ചാല്‍ തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് രേഖാമൂലമുള്ള ശാസന ലഭിക്കും.
വളരെ വലിയ അതിക്രമങ്ങളാണ് നടന്നതെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന് ഐ.പി.സി അനുസരിച്ചോ ഇന്‍കം ടാക്സ് ആക്ട് അനുബന്ധമാക്കിയോ കേസെടുക്കാവുന്നതാണ്. വര്ഗീയമായരീതിയില് വികാരം രൂപപ്പെടുത്തി വോട്ട് കരസ്ഥമാക്കുക/ പണം നല്‍കിയുള്ള വോട്ട് എന്നിവക്ക് കമീഷന് ശക്തമായ നടപടിയെടുക്കും. പെരുമാറ്റച്ചട്ട ലംഘനം ജനങ്ങൾക്കിടയിൽ പാർട്ടികളെയും നേതാക്കളെയും കുറിച്ച് മോശം പ്രതിച്ഛായക്ക് വഴിവെക്കുമെന്നതിനാൽ മിക്കവരും ചട്ടങ്ങൾ പാലിക്കാനാണ് ശ്രമിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.