മലപ്പുറം: ബാഗിൽ ഒരു സ്റ്റെതസ്കോപ്പും കുറച്ച് മരുന്നുകളും അത്യാവശ്യവസ്ത്രങ്ങളും. ജനുവരി അവസാന വാരം കൊണ്ടോട്ടി 17ാം മൈലിൽനിന്ന് പി.ഇ. മുഹമ്മദ് ഷാഫി വീട് വിട്ടുവിറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നത് ഇത്ര മാത്രം. ഗ്രാമങ്ങളിൽ അടിസ്ഥാന ചികിത്സ പോലും കിട്ടാത്തവർക്ക് തണലാകണം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. ആദ്യമെത്തിയത് ഡൽഹിയിൽതന്നെ. ഫെബ്രുവരി ഒമ്പതുമുതൽ റോഹിങ്കൻ ക്യാമ്പുകളിലും കോളനികളിലും ചികിത്സ നൽകി.
അവിടെനിന്ന് ഉത്തർപ്രദേശിലേക്കും ഹരിയാനയിലേക്കും പഞ്ചാബിലേക്കും കാശ്മീരിലേക്കും സൗജന്യ ക്യാമ്പുകൾ നടത്താൻ യാത്ര ചെയ്തു. 55 ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിൽ 40ഓളം ഗ്രാമങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി. 3000ഓളം പേരെ ചികിത്സിച്ചു. മരുന്നുകൾ ഡൽഹിയിലെ ഒരു കമ്പനിയാണ് സ്പോൺസർ ചെയ്യുന്നത്.
യാത്രചെലവ് സ്വന്തമായി വഹിക്കും. 23കാരനായ ഷാഫിയുടെ താമസവും ഭക്ഷണവും മറ്റും എൻ.ജി.ഒകളും സുഹൃത്തുക്കളും നൽകും. ഈ വർഷമാണ് കർണാടക കൽബുർഗിയിലെ ടിപ്പു സുൽത്താൻ യൂനാനി മെഡിക്കൽ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയത്. കൃഷിക്കാരനായ പള്ളിക്കത്തൊടി എറത്താലി രായിൻ കുട്ടിയുടെയും ഉമ്മുഹബീബയുടെയും മകനാണ്. സഫ്വാൻ, സഫ്ന, ഷിഫ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.