ബംഗളൂരു: കർണാടക ധാർവാഡിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ മത്സരിക്കുന്ന ലിംഗായത്ത് സന്യാസി ഫക്കീര ദിംഗലേശ്വർ സ്വാമിക്ക് 9.74 കോടിയുടെ ആസ്തി. കഴിഞ്ഞദിവസം നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. മേയ് ഏഴിനാണ് വടക്കൻ കർണാടക മേഖലയിലെ തെരഞ്ഞെടുപ്പ്. വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ കീഴിലുള്ള പ്രമുഖ മഠമായ കൊപ്പാലിലെ ഷിരഹട്ടി ഫക്കീരേശ്വർ മഠത്തിലെ സന്യാസിയാണ് ദിംഗലേശ്വർ സ്വാമി. രണ്ട് ഇന്നോവ കാർ, ട്രാക്ടർ, സ്കൂൾ ബസ്, 7.8 കിലോ വെള്ളി എന്നിവയടക്കം സ്വാമിയുടെ ജംഗമവസ്തുക്കളുടെ മൂല്യം 1.22 കോടിയും ഭൂമി, സ്കൂൾ കെട്ടിടം തുടങ്ങിയ സ്ഥാവരവസ്തുക്കളുടെ മൂല്യം 8.52 കോടിയുമാണ്. 39.68 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്. പത്താം തരം തോറ്റ 48കാരനായ സ്വാമിക്കെതിരെ മൂന്ന് കേസുകളും നിലവിലുണ്ട്.
ബി.ജെ.പി നേതാവായ പ്രൾഹാദ് ജോഷി വീരശൈവ ലിംഗായത്ത് വിഭാഗത്തെ അടിച്ചമർത്തുകയാണെന്നും ലിംഗായത്ത് മഠങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചാണ് ദിംഗലേശ്വർ സ്വാമി ബി.ജെ.പിക്കെതിരെ മത്സരത്തിനിറങ്ങിയത്. സ്ഥാനാർഥി നിർണയത്തിൽ ലിംഗായത്ത് അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ബി.ജെ.പി നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.