മദ്യനയ അഴിമതി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്രിവാളിന് വീണ്ടും ഇ.ഡി സമൻസ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി സമൻസ്. ജനുവരി മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് സമൻസിൽ ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം തവണയാണ് കെജ്രിവാളിന് ഇ.ഡി സമൻസയച്ചിരിക്കുന്നത്.

ഡിസംബര്‍ 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കെജ്രിവാളിന് നേരത്തെ നോട്ടീസയച്ചിരുന്നു. എന്നാൽ, അന്ന് ഹാജരാവാൻ സാധിക്കില്ലെന്ന് കെജ്രിവാൾ അറിയിക്കുകയായിരുന്നു. പത്തു ദിവസം നീണ്ട വിപാസന ധ്യാന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാൽ ഹാജരാവാൻ കഴിയില്ലെന്നായിരുന്നു കെജ്രിവാൾ അറിയിച്ചത്. രാഘവ് ഛദ്ദയാണ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചത്. വിഷയത്തിൽ ഇ.ഡിക്ക് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2021 നവംബർ 17നാണ് വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതോടെ സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം അവസാനിച്ചു.

നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ രംഗത്തെത്തി. പുതിയ നയത്തിലൂടെ എല്ലായിടത്തും തുല്യമായ രീതിയിൽ മദ്യം വിതരണം ചെയ്യപ്പെടുമെന്ന് സർക്കാർ വാദിച്ചെങ്കിലും വിലപ്പോയില്ല. തുടർന്ന് 2022 ജൂലൈയിൽ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു. മദ്യവിൽപനക്ക് ലൈസൻസ് നേടിയവർക്ക് സർക്കാർ സഹായം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

Tags:    
News Summary - Liquor scam case: ED summons Kejriwal to appear for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.