ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 24 മന്ത്രിമാരുടെ പട്ടിക പുറത്ത്. എച്ച്.കെ. പാട്ടീൽ, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്.സി. മഹാദേവപ്പ, ഈശ്വർ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദർശനാപുർ, ശിവാനന്ദ് പാട്ടുൽ, തിമ്മാപൂർ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാർജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരൺപ്രകാശ് രുദ്രപ്പ പാട്ടീൽ, മംഗൾ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബൊസെരാജു, ബിഎസ്. സുരേഷ, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകർ, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാർ.
ഇന്ന് രാവിലെ 11.45ന് രാജ്ഭവനിൽ ഗവർണർക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ നടക്കുക. മന്ത്രിസ്ഥാനത്തിന് സമ്മർദവുമായി 20 ഓളം എം.എൽ.എമാരും ഡൽഹിയിലെത്തിയിരുന്നു. 34 മന്ത്രിസ്ഥാനങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എട്ടു മന്ത്രിമാർ 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പുതിയ മന്ത്രിപ്പട്ടികയിൽ മുസ്‍ലിം പ്രതിനിധിയായി ബിദർ നോർത്തിൽനിന്നുള്ള റഹിം ഖാൻ ഉണ്ട്. കഴിഞ്ഞ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിൽ യുവജന-കായിക മന്ത്രിയായിരുന്നു. ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തുകയും സൊറാബ സീറ്റിൽ സഹോദരനും സിറ്റിങ് എം.എൽ.എയുമായിരുന്ന കുമാർ ബംഗാരപ്പയെ പരാജയപ്പെടുത്തുകയും ചെയ്ത മധു ബംഗാരപ്പ, ബംഗളൂരുവിൽനിന്ന് കൃഷ്ണബൈരെഗൗഡ, ദിനേശ് ഗുണ്ടുറാവു എന്നിവരും വനിത പ്രതിനിധിയായി ബെളഗാവിയിൽനിന്നുള്ള ലക്ഷ്മി ഹെബ്ബാൾക്കറും ഇടം പിടിച്ചു.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തി തെരഞ്ഞെടുപ്പിൽ ജയിച്ച ലക്ഷ്മൺ സവാദിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും എം.എൽ.സിയാക്കി ജഗദീഷ് ഷെട്ടാറിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനായും സ്ഥാനം ഒഴിച്ചിട്ടിട്ടില്ല.
മന്ത്രിസഭ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചർച്ചയിലാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല, പാർട്ടി ഓർഗനൈസേഷൻ ജന. സെക്ര. കെ.സി. വേണുഗോപാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.