മുംബൈ: കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. രാത്രി ഒമ്പതു മുതൽ രാവിലെ ആറുമണി വരെ കർഫ്യൂ ഏർപ്പെടുത്തി. ഈ സമയത്ത് അഞ്ചിലേറെ പേർ ഒത്തുകൂടുന്നത് നിരോധിച്ചു. വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ തന്നെ പ്രാബല്യത്തിൽ വന്നു. ജിമ്മുകൾ, റസ്റ്റാറന്‍റുകൾ, സ്പാകൾ, തിയറ്ററുകൾ, വിവാഹങ്ങൾ എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.
ദുബൈയിൽനിന്ന് നഗരത്തിലെത്തുന്ന മുംബൈ നിവാസികൾ ഏഴ് ദിവസത്തെ ഹോം ക്വാറന്‍റീനിൽ കഴിയണമെന്ന് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉത്തരവിട്ടു. ഇവർക്ക് പൊതുഗതാഗതം ഉപയോഗിക്കാൻ അനുവാദമില്ല. മുംബൈയിലെ അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളിലെ പുതുവത്സര ആഘോഷ പരിപാടികളും ബിഎംസി നിരോധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 1,410 പേർക്കാണ് കോവിഡ് ബാധിച്ചത്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 20 പേർക്ക് ഒമിക്രോൺ ബാധിച്ചു. ഇതിൽ 12 പേരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണ്. ഏഴുപേർ കുത്തിവയ്പ്പ് നടത്തിയിട്ടില്ല. ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
മുംബൈയിൽ ഇതുവരെ 46 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പൂണെയിൽ 41, സത്താറ, ഉസ്മാനാബാദ്, താനെ എന്നിവിടങ്ങളിൽ അഞ്ച് വീതവും നാഗ്പൂരിൽ രണ്ട്, പാൽഘർ, ലാത്തൂർ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് രോഗബാധിതർ.
ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. ചർച്ചുകളിൽ ഇരിപ്പിടത്തിന്‍റെ 50 ശതമാനം വരെ ആളുകളെ മാത്രം പ്രവേശിപ്പിക്കുക, അണുനശീകരണം നടത്തുക, പള്ളിക്ക് പുറത്ത് കടകളും സ്റ്റാളുകളും സ്ഥാപിക്കരുത്, പൊതുസ്ഥലങ്ങളിലും തെരുവുകളിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, പടക്കം പൊട്ടിക്കരുത്, ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുക എന്നിവയാണ് മാർഗനിർദേശങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.