ന്യൂഡൽഹി: ദുരന്തനാടകങ്ങളിലെ നായകരെപ്പോലെ, എൽ.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും തങ്ങളുടെ ആഘോഷവേളയിൽ അരികിലേക്ക് തള്ളിമാറ്റി സംഘ്‍പരിവാർ. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാനുള്ള ആസൂത്രണങ്ങൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ച എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠാവേളയിലേക്ക് ക്ഷണമില്ല.
80കളിൽ അദ്വാനിയുൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിൽ മെനഞ്ഞെടുത്ത തീവ്രഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയും തുടർന്ന് 90കളിൽ നടത്തിയ രഥയാത്രയുമാണ് രാജ്യത്ത് ബി.ജെ.പിയുടെ തലവര മാറ്റി അധികാരത്തിലേക്കുള്ള വഴിയൊരുക്കാൻ നിമിത്തമായത്. അതിനെല്ലാം കേന്ദ്രബിന്ദുവായി നിലകൊണ്ടതാകട്ടെ അയോധ്യയിലെ രാമക്ഷേത്ര നിർമാണവും.
ശ്രീരാമജന്മഭൂമി തീർഥ് ക്ഷേത്രം ജനറൽ സെക്രട്ടറി ചംപത് റായ് തന്നെയാണ് അദ്വാനിയെയും ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് അറിയിച്ചത്. ക്ഷണിക്കുന്നില്ലെന്ന് മാത്രമല്ല, പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് റായ് തിങ്കളാഴ്ച പറഞ്ഞത്. പ്രായമാണ് കാരണമായി പറയുന്നത്. ഈ അഭ്യർഥന ഇരുവരും സ്വീകരിച്ചെന്നും പറയുന്നു.
അദ്വാനിക്ക് 96 ആണ് പ്രായം. ജോഷിക്ക് അടുത്ത മാസം 90ഉം ആകും. ജനുവരി 22നാണ് രാമപ്രതിമ സ്ഥാപിക്കുന്നത്. രാജ്യത്തെ വിവിധ സന്യാസി സമൂഹങ്ങളിൽനിന്നായി 4,000 കാഷായ വേഷധാരികൾ സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 2,200 പ്രമുഖർ എത്തുന്ന വേദിയിലേക്ക് ദലൈലാമ, മാത അമൃതാനന്ദമയി, ബാബ രാംദേവ്, രജനികാന്ത്, അമിതാബ് ബച്ചൻ, മാധുരി ദീക്ഷിത്, മുകേഷ് അംബാനി തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് എത്തുന്നത്.
1990 സെപ്റ്റംബർ 25ന് അദ്വാനി നെടുനീളെ വർഗീയ പ്രസംഗങ്ങളുമായി നടത്തിയ യാത്ര ബിഹാറിൽ അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് തടഞ്ഞെങ്കിലും 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കും വിധം ആൾക്കൂട്ടത്തെ സജ്ജമാക്കാൻ അദ്വാനിക്കായി. എന്നാൽ, മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറം താൻ വളർത്തിയ ഭൂതംതന്നെ തനിക്കുനേരെ കണ്ണുരുട്ടുന്ന കാഴ്ച കാണുകയാണ് അദ്വാനിയും അദ്ദേഹത്തിന്റെ വലംകൈയായിരുന്ന ജോഷിയും. കുറ്റബോധം കൊണ്ടെന്നവണ്ണം ഇരുവരെയും പരിപാടിക്ക് ക്ഷണിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിട്ടുണ്ട്. വി.എച്ച്.പി അധ്യക്ഷൻ അലോക് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.