വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടിയേക്കും

ന്യൂഡൽഹി: കോവിഡ് പശ്ചാതലത്തിൽ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടിയേക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് സർക്കുലർ ഇറക്കി കാലാവധി നീട്ടാനുള്ള അധികാരമുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കാലാവധി രണ്ടുവർഷം വരെ നീട്ടാനാവുമെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന് ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.  വിശാൽ തിവാരി, ഗജേന്ദ്രർ ശർമ എന്നിവർ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. മൊറട്ടോറിയം കാലാവധി നീട്ടുന്നത് സംബന്ധിച്ച് കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം ആരാഞ്ഞപ്പോഴാണ് സോളിസിറ്റർ ജനറൽ ചൊവ്വാഴ്ച നിലപാട് അറിയിച്ചത്.

നേരത്തേ ഹരജി പരിഗണിച്ച ബെഞ്ച് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 'ആളുകളുടെ അവസ്ഥ പരിഗണിച്ചായിരിക്കണം സർക്കാർ നിലപാട് എടുക്കേണ്ടത്. കോവിഡിന്‍റെ പേരിൽ ലോക്ഡൗൺ കൊണ്ടുവന്നത് സർക്കാറാണ്. അതിന്‍റെ പേരിൽ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്. ഈ സാഹചര്യത്തിൽ അവരെ പ്രയാസത്തിലാക്കുന്ന നിലപാട് സ്വീകരിക്കരുത്'- കോടതി നിരീക്ഷിച്ചിരുന്നു.

തുടർന്ന് ആർ.ബി.ഐയെ പഴിചാരി കൈകഴുകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെയും നേരത്തേ കോടതി വിമർശിച്ചിരുന്നു. ദുരന്ത നിവാരണ അതോറിറ്റി നിയമ പ്രകാരം നയപരമായ കാര്യങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വേണം സർക്കാർ തീരുമാനം കൈകൊള്ളേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

മൊറട്ടോറിയം നീട്ടണം, നിലവിലെ ഇളവുമായി ബന്ധപ്പെട്ട് പലിശ, പിഴപ്പലിശ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹരജിയിൽ പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വീണ്ടും നാളെ പരിഗണിക്കും.

അതേസമയം മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാരും ആർ.ബി.ഐയും. ആനുകൂല്യം നീട്ടാനായി കേരളം ഉൾപ്പെടെ നൽകിയ കത്ത് കേന്ദ്രം പരിഗണിച്ചിരുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ സെപ്തംബർ മൂന്നിന് മാധ്യമങ്ങളെ കാണുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.