ന്യൂഡൽഹി: തലസ്ഥാനനഗരിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ് തീപിടിത്തത്തിൽ ചാരമായി. ഡൽഹി ഒാഖ്ലക്കു സമീപമുള്ള കാളിന്ദികുഞ്ചിലെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിനാണ് ഞായറാഴ്ച പുലർച്ച മൂന്നരയോടെ തീപിടിച്ചത്. അഭയാർഥികളിൽ ചിലർക്ക് ചെറിയ പൊള്ളലൊഴിച്ചാൽ മറ്റ് ആളപായങ്ങളുണ്ടായില്ല. 46 ടെൻറുകളിലായി 55 കുടുംബങ്ങളിലെ 225 പേരാണ് ഇവിടെയുള്ളത്. മുഴുവൻ കൂടാരങ്ങളും ചാമ്പലായി.
ക്യാമ്പിെൻറ സ്ഥിതിവിവരങ്ങൾ മൂന്നാഴ്ചക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് ഏപ്രിൽ ഒമ്പതിന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കെയാണ് അപകടം. ക്യാമ്പിെൻറ പിറകുവശത്തുള്ള പൊതു ശുചിമുറിയുടെ ഭാഗത്തുനിന്നാണ് തീ പടർന്നുപിടിച്ചത്. ഇവിടെ വൈദ്യുതിയോ തീപിടിക്കുന്ന മറ്റു വസ്തുക്കളോ ഇല്ല. പുറത്തുനിന്നുള്ള ആരോ കത്തിച്ചതെന്നാണ് അഭയാർഥികൾ പറയുന്നത്. ആദ്യം തീ കണ്ടവർ ബഹളംവെച്ച് ഉറങ്ങിക്കിടക്കുന്നവരെ അറിയിക്കുകയായിരുന്നു. ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമാണ് ഇവർക്ക് ബാക്കിയുള്ളത്.
15 മിനിറ്റിനുള്ളിൽ ക്യാമ്പ് പൂർണമായും നശിച്ചു. അഭയാർഥികൾക്ക് െഎക്യരാഷ്ട്രസഭയുടെ യു.എൻ.എച്ച്.ആർ.സി നൽകിയ തിരിച്ചറിയൽ കാർഡുകളും പൂർണമായും നശിച്ചു. ഇവരുടെ ലിസ്റ്റ് കൈവശമുണ്ടായിരുന്നതിനാൽ അവ വീണ്ടും ലഭിക്കുമെന്ന് യു.എൻ.എച്ച്.ആർ.സി വളൻറിയറും േറാഹിങ്ക്യൻ അഭയാർഥിയുമായ അലി ജൗഹർ പറഞ്ഞു. ക്യാമ്പിലുള്ളവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഹ്യൂമൻ വെൽെഫയർ ഫൗേണ്ടഷൻ, സകാത് ഫൗണ്ടേഷൻ, ഡൽഹി കെ.എം.സി.സി തുടങ്ങി വിവിധ സംഘടനകളുടെ വളൻറിയർമാർ സ്ഥലത്തെത്തി ഭക്ഷണം, വസ്ത്രം തുടങ്ങി പ്രാഥമിക സൗകര്യങ്ങൾ ചെയ്തുകൊടുത്തു.
ഇതിനുമുമ്പ് 2012ലും 2017 ലും ക്യാമ്പ് കത്തിക്കാൻ ശ്രമമുണ്ടായതായി അലി ജൗഹർ പറഞ്ഞു. കാളിന്ദികുഞ്ചിലെ അഭയാർഥി ക്യാമ്പിെൻറ പൂർണമായ പുനരധിവാസവും ഏറ്റെടുക്കുമെന്ന് ഹ്യൂമൻ വെൽെഫയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. മെഡിക്കൽ സൗകര്യം, വസ്ത്രം, ഭക്ഷണം തുടങ്ങി പ്രാഥമിക സൗകര്യങ്ങൾ ചെയ്തുകൊടുത്തതായി ഫൗേണ്ടഷൻ സി.ഇ.ഒ ചുമതലയുള്ള നൗഫൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.