ഉത്തർപ്രദേശിലെ നഗീന സംവരണ മണ്ഡലത്തിൽ മത്സരരംഗത്തിറങ്ങി മായാവതിയുടെയും ബി.എസ്.പിയുടെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണിപ്പോൾ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ. അനന്തരവൻ ആനന്ദിനെ പ്രചാരണത്തിനിറക്കി ആസാദിന്റെ ദലിത് രാഷ്ട്രീയത്തിന് തടയിടാനുള്ള ശ്രമത്തിലാണ് മായാവതി. ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ഇൻഡ്യ സഖ്യത്തിൽ ചേരുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ അഖിലേഷും പാലം വലിച്ചു. അതോടെയാണ് നഗീനയിൽ രാവൺ ഒറ്റക്കിറങ്ങാൻ തീരുമാനിച്ചത്.40 ശതമാനത്തിലേറെ മുസ്ലിം വോട്ടുകളുള്ള പടിഞ്ഞാറൻ യു.പിയിലെ പട്ടികജാതി സംവരണ മണ്ഡലമായ നഗീനയിൽ 21 ശതമാനത്തിലേറെ ദലിത് വോട്ടുകൾകൂടി ചേർന്നാൽ ജയമുറപ്പായി എന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പിയെ ഒറ്റക്ക് എതിരിടാനുള്ള തീരുമാനം. എന്നാൽ, നഗീനയിൽ തങ്ങൾക്ക് ജയസാധ്യതയുണ്ടായിരുന്ന മണ്ഡലം ബി.ജെ.പിക്ക് കൊണ്ടുപോയി കൊടുക്കുകയാണ് രാവണനെന്ന് ഒരുപോലെ കുറ്റപ്പെടുത്തുകയാണ് ബി.എസ്.പിയും സമാജ്വാദി പാർട്ടിയുമിപ്പോൾ.
ഒന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാന നിമിഷങ്ങളിൽ ‘മാധ്യമ’ത്തോട് സംസാരിക്കാനും ചന്ദ്രശേഖർ ആസാദ് സമയം കണ്ടെത്തി. തനിക്കുമേൽ ബി.ജെ.പി ചാപ്പ കുത്താൻ ശ്രമിച്ചാലും നഗീനയിലെ ഏറ്റവും പ്രബലമായ മുസ്ലിം സമുദായത്തിന്റെ വോട്ടിന്റെ ബലത്തിൽ താൻ ജയിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് രാവൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് ബി.ജെ.പിക്ക് യു.പിയിൽ തടയിടാനാണ് ഞാൻ ശ്രമിച്ചത്. ഇൻഡ്യ സഖ്യത്തിൽ ചേരാൻ എല്ലാ നേതാക്കളുമായും ചർച്ച നടത്തിയപ്പോൾ സഖ്യത്തിൽ ചേരാമെന്ന് എല്ലാവരും സമ്മതിച്ചതാണ്. കോൺഗ്രസിന്റെയും എസ്.പിയുടെയും മുതിർന്ന നേതാക്കളുമായും എൻ.സി.പി നേതാവ് ശരത് പവാറുമായും ചർച്ച നടത്തി. ഈയൊരു സീറ്റ് മാത്രമാണ് താൻ ചോദിച്ചത്. എന്നാൽ, അവസാനം അവർ പിന്മാറി. രാജ്യവും ജനാധിപത്യവും രക്ഷിക്കണമെന്നാണ് അവർ പറയുന്നത്? എന്നിട്ടെവിടെയാണ് അവർ രക്ഷിക്കുന്നത്? ജനാധിപത്യത്തെ രക്ഷിക്കാൻ പ്രതിപക്ഷം ശക്തമാകണം, ദുർബലമാകരുത്. സ്വന്തം പാർട്ടി താൽപര്യത്തിനപ്പുറം രാജ്യതാൽപര്യം അവർ നോക്കിയില്ല.
ദലിത് സമുദായത്തിൽ ജനിച്ച തനിക്ക് തന്റെ സമുദായത്തെ വിസ്മരിക്കാനാവില്ലെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. തന്റെ സമുദായവുമായി ബന്ധപ്പെട്ടാണ് തന്റെ അസ്തിത്വം. അതേസമയം ദലിത് സമുദായത്തിനുവേണ്ടി മാത്രമായിരുന്നില്ല തന്റെ പോരാട്ടം. എൻ.ആർ.സിക്കെതിരെയും കർഷക നിയമങ്ങൾക്കെതിരെയും ഗുസ്തി താരങ്ങൾക്ക് വേണ്ടിയും പോരാടി. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ അവരുടെ ജാതിയും മതവും നോക്കിയല്ല അവരുടെ പോരാട്ടത്തിനിറങ്ങിയത്. ബി.ജെ.പിയുമായി പോരിനിറങ്ങിയ തന്നെ നേരിടാൻ മറ്റു പലരും വരുന്നതാണ് കാണുന്നതെന്ന് ബി.എസ്.പിയുടെയും മായാവതിയുടെയും തന്നെ നേരിടുന്നതിനോട് ആസാദ് പ്രതികരിച്ചു. ശരിക്കും അവരുടെ പോരാട്ടം ബി.ജെ.പിയെക്കാളേറെ തന്നോടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.