ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നത് സംബന്ധിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ തങ്ങളുടെ നിലപാട് ഒൗേദ്യാഗികമായി അറിയിച്ചില്ല.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് അതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായപ്രശ്നങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും മറുപടി നൽകാനാണ് കമീഷൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നത്. ഇൗ ആശയം ശക്തമായി പ്രചരിപ്പിക്കുന്ന ബി.ജെ.പിയും കമീഷന് മറുപടി നൽകിയില്ല. പാർട്ടികൾ മറുപടി നൽകാത്ത സാഹചര്യത്തിൽ അവരെ ഇൗ വിഷയത്തിൽ ചർച്ചക്കായി ക്ഷണിക്കുമെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രിയുടെ പദ്ധതിക്ക് ‘ഒരു വർഷം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബദൽ നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹത്തിൽ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രനിയമ മന്ത്രാലയം അയച്ച കത്തിനുള്ള മറുപടിയിലാണ് കമീഷൻ ബദൽ നിർദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ തങ്ങൾ ഇൗ നിർദേശത്തെയും പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് അതുമായി ബന്ധപ്പെട്ട അഞ്ച് ഭരണഘടനാപരമായ പ്രശ്നങ്ങൾക്കും 15 സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾക്കും നിയമമന്ത്രാലയം കമീഷനോട് മറുപടി ആവശ്യപ്പെട്ടിരുന്നു.
മോദി ആഗ്രഹിക്കുന്നപോലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ ഭരണഘടനയുടെ 83, 85, 172, 174, 356 എന്നീ അനുഛേദങ്ങൾ ഭേദഗതി ചെയ്യേണ്ടിവരുമെന്ന് കമീഷൻ വ്യക്തമാക്കി. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ബി.ജെ.പി നീക്കത്തെ 2016ൽ പിന്തുണച്ച കമീഷൻ ഇൗ വർഷം നിയമ കമീഷനുമായുള്ള ചർച്ചയിലും അതേ നിലപാട് ആവർത്തിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി തീരുന്ന സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന രീതിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.