കർണാടകയിൽ കൈയെത്താതെ കോൺഗ്രസ്; സീറ്റ് കുറഞ്ഞ് ബി.ജെ.പിബംഗളൂരു: മാറിമറിഞ്ഞ കണക്കുകൾക്കൊടുവിൽ ഫലസൂചിക നിശ്ചലമായപ്പോൾ ബി.ജെ.പി, ജെ.ഡി-എസ് ക്യാമ്പുകളിൽ ആഹ്ലാദത്തിരയോളം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ബി.ജെ.പി, ജെ.ഡി-എസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റു. ജെ.ഡി-എസിനായി മാണ്ഡ്യയിൽ ഗംഭീരജയം കുറിച്ച എച്ച്.ഡി. കുമാരസ്വാമിയുടെ ചിത്രത്തിനുമേൽ അനുയായികൾ പാലഭിഷേകവും നടത്തി.
അതേസമയം, പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ കോൺഗ്രസിന് ഇരട്ട പ്രഹരമെന്നപോൽ സിറ്റിങ് സീറ്റിലെ തോൽവി കൂടിയായപ്പോൾ ക്വീൻസ് റോഡിലെ കെ.പി.സി.സി ഓഫിസ് പരിസരം നേതാക്കളും അനുയായികളുമൊഴിഞ്ഞ് ശോകമൂകമായി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ബി.ജെ.പി മുന്നിലായിരുന്നു. നാലു മണ്ഡലങ്ങളിൽ വോട്ടെണ്ണിത്തുടങ്ങുമ്പോൾ ബി.ജെ.പി രണ്ട്, കോൺഗ്രസ്-ഒന്ന്, ജെ.ഡി-എസ്-ഒന്ന് എന്നതായിരുന്നു ലീഡ് നില. ഇത് 13 സീറ്റിലേക്കെത്തിയതോടെ ബി.ജെ.പി മുന്നേറി. ബി.ജെ.പി-എട്ട്, കോൺഗ്രസ്-മൂന്ന്, ജെ.ഡി-എസ്- രണ്ട് എന്നായി. അര മണിക്കൂർ പിന്നിട്ട് 22 സീറ്റിലെ വോട്ടെണ്ണിത്തുടങ്ങുമ്പോൾ ബി.ജെ.പി -15, കോൺഗ്രസ്-അഞ്ച്, ജെ.ഡി-എസ് -രണ്ട് എന്ന നിലയിലായി. രാവിലെ ഒമ്പതോടെ 28 മണ്ഡലങ്ങളിലെയും വോട്ടെണ്ണിത്തുടങ്ങി. ബി.ജെ.പി ലീഡുയർത്തിയതല്ലാതെ കോൺഗ്രസിന് വലിയ പ്രതീക്ഷയുള്ള മുന്നേറ്റമൊന്നും കണ്ടില്ല. തുടക്കത്തിൽ ബി.ജെ.പി 18 സീറ്റിൽ ലീഡ് പിടിച്ചപ്പോൾ കോൺഗ്രസിന് എട്ടു സീറ്റിലായിരുന്നു ലീഡ്. ഒരുവേള കോൺഗ്രസിന് ആധിയേറ്റി ബി.ജെ.പി- 19, കോൺഗ്രസ്-ആറ്, ജെ.ഡി-എസ് - മൂന്ന് എന്ന ലീഡ് നില വരെയെത്തി.
രാവിലെ 11ഓടെ പ്രതീക്ഷയുമായി കോൺഗ്രസ് ലീഡിൽ രണ്ടക്കം തൊട്ടു. ബംഗളൂരു സെൻട്രലിൽ മൻസൂർ അലി ഖാൻ ലീഡ് പിടിച്ചതോടെയായിരുന്നു ഇത്. എന്നാൽ, മഹാദേവപുരയും രാമമൂർത്തി നഗറും അവസാനഘട്ടത്തിൽ പി.സി. മോഹന് ലീഡും വിജയവും സമ്മാനിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ അന്തിമപട്ടികയിൽ ബി.ജെ.പി- 17, കോൺഗ്രസ്-ഒമ്പത്, ജെ.ഡി-എസ് -രണ്ട് എന്ന് അക്കങ്ങൾ തെളിഞ്ഞു.
1. യദുവീർ കൃഷ്ണദത്ത ചാമരാജ വഡിയാർ (മൈസൂരു-കുടക്) - ബി.ജെ.പി
2. എച്ച്.ഡി. കുമാരസ്വാമി (മണ്ഡ്യ)- ജെ.ഡി-എസ്
3. ബസവരാജ് ബൊമ്മൈ (ഹാവേരി)- ബി.ജെ.പി
4. ജഗദീഷ് ഷെട്ടാർ (ബെളഗാവി)- ബി.ജെ.പി
1. ഡി.കെ. സുരേഷ് (ബംഗളൂരു റൂറൽ)-കോൺ.
2. ഭഗവന്ത് ഖുബ (ബിദർ)- ബി.ജെ.പി
3. പ്രജ്വൽ രേവണ്ണ (ഹാസൻ)- ജെ.ഡി-എസ്
4. കെ.എസ്. ഈശ്വരപ്പ (ശിവമൊഗ്ഗ)- സ്വത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.