മുംബൈ: യഥാർത്ഥ പേരും ചിഹ്നവും തട്ടിയെടുക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റക്ക് മത്സരിച്ച് 20ലധികം സീറ്റുകൾ നേടുമായിരുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ധൈര്യമുണ്ടെങ്കിൽ മറ്റൊരു പേരിലും ചിഹ്നത്തിലും വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ശിവസേനയുടെയും എൻ.സി.പിയുടെയും എം.എൽ.എമാർ അയോഗ്യരാക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജൂലൈ 12ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര എം.എൽ.സി തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
എല്ലാം ഞങ്ങളിൽ നിന്ന് നഷ്ടപ്പെട്ടു. പാർട്ടിയുടെ പേര്, ചിഹ്നം, എം.എൽ.എമാർ, എം.പിമാർ. എന്നിട്ടും ഞങ്ങൾ ശക്തമായി പൊരുതി ഒമ്പത് എം.പിമാർ വിജയിച്ചു. ഞങ്ങൾക്കൊപ്പം യഥാർത്ഥ പേരും ചിഹ്നവും കൂടി ഉണ്ടായിരുന്നെങ്കിൽ ശിവസേന (യു.ബി.ടി) 20-22 സീറ്റുകളോളം നേടിയേനെ, റാവത്ത് പറഞ്ഞു. 48 ലോക്സഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
1966 ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയിൽ 2022ലാണ് പിളർപ്പുണ്ടാകുന്നത്. ശിവസേനയുടെ യഥാർത്ഥ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമീഷൻ ഏക്നാഥ് ഷിൻഡെ നയിക്കുന്ന വിഭാഗത്തിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.