ന്യൂഡൽഹി: ലോക്സഭയിൽ ഒമ്പതാം ദിവസവും തുടർന്ന പ്രതിപക്ഷ ബഹളത്തിനിടയിൽ സുപ്രധാനമായ രണ്ടു ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി. പ്രസവാവധി ഉൾപ്പെടുന്ന പേമെൻറ് ഒാഫ് ഗ്രാറ്റ്വിറ്റി നിയമഭേദഗതി ബിൽ, വ്യവസായ കരാറുകളുമായി ബന്ധപ്പെട്ട പ്രത്യേക സഹായനിയമ ഭേദഗതി ബിൽ എന്നിവയാണ് ഭേദഗതി നിർദേശങ്ങൾ തള്ളി ലോക്സഭയിൽ പാസാക്കിയത്.
പ്രസവാവധി സർവിസ് തുടർച്ചയുടെ ഭാഗമാക്കുകയും, നിയമഭേദഗതി കൂടാതെതന്നെ ഗ്രാറ്റ്വിറ്റി പരിധി സമയാസമയങ്ങളിൽ വിജ്ഞാപനം ചെയ്യാൻ കേന്ദ്ര സർക്കാറിനെ അനുവദിക്കുകയും ചെയ്യുന്നതാണ് ആദ്യത്തെ ബിൽ. 1961ലെ നിയമപ്രകാരം കിട്ടുന്ന പ്രസവാവധി 12 ആഴ്ചയാണ്. ഇത് 26 ആഴ്ചയായി വർധിക്കും. തൊഴിലാളിയുടെ ഗ്രാറ്റ്വിറ്റി 10 ലക്ഷത്തിൽ കൂടാൻ പാടില്ലെന്ന നിലവിലെ പരിധി എടുത്തുകളഞ്ഞു. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് നികുതിരഹിത ഗ്രാറ്റ്വിറ്റിയായി 20 ലക്ഷം വരെ അനുവദിച്ചേക്കും.
വ്യവസായ കരാറുകൾ ലംഘിച്ചാൽ എതിർകക്ഷിയിൽനിന്ന് നഷ്ടപരിഹാരം തേടാൻ അവകാശം സ്ഥാപിച്ചുനൽകുന്നതാണ് രണ്ടാമത്തെ ബിൽ. ഹൈകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ചില സിവിൽ കോടതികളെ പ്രത്യേക കോടതികളായി സംസ്ഥാന സർക്കാറുകൾ നിശ്ചയിക്കും. ഒരു വർഷത്തിനുള്ളിൽ കേസുകളിൽ തീർപ്പുണ്ടാക്കണം. ഇക്കാര്യത്തിൽ പരമാവധി ഇളവ് ആറു മാസംകൂടിയാണ്.
ബില്ലുകൾ സഭയിൽ ചർച്ചചെയ്യണമെന്ന കോൺഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം വിലപ്പോയില്ല. ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, കോൺഗ്രസിലെ അധിർ രഞ്ജൻ ചൗധരി എന്നിവർ കൊണ്ടുവന്ന ഖണ്ഡനപ്രമേയങ്ങൾ ശബ്ദവോട്ടിൽ തള്ളി. വർധിപ്പിച്ച ഗ്രാറ്റ്വിറ്റി തുക 2016 ജനുവരി ഒന്നു മുതൽ നൽകത്തക്കവണ്ണം നിയമത്തിന് മുൻകാല പ്രാബല്യം നൽകണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഗ്രാറ്റ്വിറ്റി നൽകുന്ന തീയതിയുടെ പ്രാബല്യം നിശ്ചയിക്കുന്നതിനുള്ള അവകാശം പൂർണമായും സർക്കാറിനാണ്. കാലാകാലങ്ങളിൽ ഗ്രാറ്റ്വിറ്റി തുക കുറക്കുകയോ കൂട്ടുകയോ ചെയ്യാം. 20 ലക്ഷം രൂപ ഏറ്റവും കുറഞ്ഞ തുകയായി നിജപ്പെടുത്തണമെന്ന് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.