ന്യൂഡൽഹി: വ്യക്തി സ്വകാര്യതയിൽ കടന്നുകയറുന്നതും മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്ന വിമർശനങ്ങൾ ബാക്കിനിൽക്കേ, ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ ബഹളങ്ങൾക്കിടയിൽ വിശദ ചർച്ച കൂടാതെ സർക്കാർ ലോക്സഭയിൽ പാസാക്കി.
മണിപ്പൂർ വിഷയം, രാഹുൽ ഗാന്ധിയോടുള്ള പെരുമാറ്റം എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നതിനിടയിലാണ് ബിൽ പാസാക്കിയത്. ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂൽ കോൺഗ്രസിലെ സൗഗത റോയി, കോൺഗ്രസിലെ ഡീൻ കുര്യാക്കോസ് തുടങ്ങിയവർ മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടോടെ തള്ളി.
ഭേദഗതി നിർദേശങ്ങൾ മുന്നോട്ടുവെച്ചവർ ആരും ബിൽ പാസാക്കാനുള്ള ഭരണപക്ഷ നീക്കവുമായി സഹകരിച്ചില്ല. ബി.ജെ.പിക്കു പുറമെ പുറംസഹായികളായ വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.ജെ.ഡി, ബി.എസ്.പി എന്നിവയിലെ അംഗങ്ങളും ചർച്ചയിൽ നാമമാത്രമായി പങ്കെടുത്തു. എ.ഐ.എം.ഐ.എം ബില്ലിനെ എതിർത്തു സംസാരിച്ചു. ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച് ലോക്സഭ പാസാക്കിയ ബിൽ അടുത്ത ദിവസം രാജ്യസഭയുടെ പരിഗണനക്ക് എത്തും.
പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്ന് ഇതിനിടെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പൗരന്മാർക്കും മാധ്യമ പ്രവർത്തകർക്കും വാർത്താ സ്രോതസുകൾക്കും മേൽ നിരീക്ഷണം കൊണ്ടുവരുന്നതാണ് ബിൽ വ്യവസ്ഥകളെന്ന് സംഘടന ചൂണ്ടിക്കാട്ടി.
അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ: രാജ്യത്തെ സർവകലാശാലകളിൽ ഗവേഷണ ധനസഹായം നൽകുന്നതിന് പ്രത്യേക ഫൗണ്ടേഷൻ രൂപവത്കരിക്കുന്നതിനാണ് ഈ ബിൽ. 50,000 കോടി രൂപയുടെ പ്രത്യേക നിധിയാണ് ഉദ്ദേശിക്കുന്നത്.
ജമ്മു-കശ്മീർ ഫാർമസി നിയമ ഭേദഗതി ബിൽ: ജമ്മു-കശ്മീർ ഫാർമസി നിയമത്തിനു കീഴിൽ യോഗ്യത നേടി രജിസ്റ്റർ ചെയ്തവർക്ക് ഫാർമസിസ്റ്റായി പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ് ഈ ബിൽ.
മധ്യസ്ഥത ബിൽ: കോടതി വ്യവഹാരങ്ങൾ കുറക്കാൻ മൂന്നാം കക്ഷി മധ്യസ്ഥതക്ക് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള ബില്ലാണിത്. വ്യവസായ നടത്തിപ്പിലെ തടസ്സങ്ങൾ കുറക്കുകയാണ് പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.