ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി സംഘർഷാവസ്ഥ ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. നേരേത്ത നിശ്ചയിച്ചതുപോലെ ലോക്സഭ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ ലഖ്നോവിൽ അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് പ്രത്യാക്രമണത്തിനുംശേഷം ഇന്ത്യ-പാക് അതിർത്തി സംഘർഷം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടയിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നീട്ടിവെക്കില്ലെന്ന് തെരെഞ്ഞടുപ്പ് കമീഷണർ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. പതിവുപോലെ വാർത്തസമ്മേളനം നടത്തി ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന് അറോറ അറിയിച്ചു. ഒമ്പതു ഘട്ടങ്ങളിലായി 2014 ഏപ്രിൽ ഏഴു മുതൽ മേയ് 12 വരെയായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരിഷ്കരിച്ച ചട്ടമനുസരിച്ച് ഒാരോ സ്ഥാനാർഥിയും നൽകുന്ന സത്യവാങ്മൂലത്തിൽ രാജ്യത്തിനകത്തെ സ്വത്തുക്കൾക്ക് പുറമെ വിദേശ രാജ്യത്തുള്ള സ്വത്തുക്കളും വെളിപ്പെടുത്തണം. ആദായ നികുതി വകുപ്പ് ഇൗ വിവരം പരിശോധിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ കണ്ടാൽ കർശന നടപടിയെടുക്കുമെന്നും അറോറ തുടർന്നു.
വോട്ടുയന്ത്രങ്ങളെ പന്തുതട്ടുന്ന രീതിയിൽ കൈകാര്യംചെയ്യുന്ന സമീപനത്തെ അറോറ വിമർശിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിപക്ഷം വോട്ടുയന്ത്രങ്ങൾക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് അറോറയുടെ വിമർശനം. അറിഞ്ഞോ അറിയാതെയോ വോട്ടുയന്ത്രങ്ങളെ ഫുട്ബാളാക്കിയെന്ന് അറോറ വിമർശിച്ചു. ഫലം ‘എക്സ്’ ആണെങ്കിൽ വോട്ടുയന്ത്രം ശരിയാണെന്നും ഫലം ‘വൈ’ ആണെങ്കിൽ ശരിയല്ലെന്നുമാണ് നിലപാടെന്ന് അേദ്ദഹം കുറ്റപ്പെടുത്തി.
രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്ത് വോട്ടുയന്ത്രങ്ങൾ ഉപേയാഗിക്കുന്നുണ്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പിലെ ഫലമായിരുന്നില്ല തൊട്ടുപിറകെ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം. ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നേതാക്കളിൽനിന്നുണ്ടാകുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കമീഷൻ അറിയിച്ചു. ‘സി-വിജിൽ’ ആപ്പിലൂടെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ കമീഷന് നൽകാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.