ഡാനിഷ് അലിയുടെ പ്രതിഷേധം; ലോക്‌സഭ 12 മണി വരെ നിർത്തിവച്ചു

ന്യൂഡൽഹി: തനിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി എം.പി രമേഷ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.പി അംഗം ഡാനിഷ് അലി നടത്തിയ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ 12 മണി വരെ നിർത്തിവച്ചു. ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ ഡാനിഷ് അലി അപകീർത്തി പരാമർശത്തെ തുടർന്നുള്ള തന്‍റെ പരാതി ഉന്നയിക്കുകയായിരുന്നു.

രമേഷ് ബിധുരിക്കെതിരെ പ്ലക്കാർഡുകളുമായാണ് അദ്ദേഹം സഭയിൽ എത്തിയത്. ഉടൻ തന്നെ പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്ലക്കാർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്ലക്കാർഡുകൾ ഉയർത്തുന്നത് പാർലമെന്‍ററി നിയമത്തിന് എതിരാണെന്നും അതിനാൽ സഭയുടെ പുറത്ത് പോകണമെന്നും സ്പീക്കറും ഡാനിഷ് അലിയോട് ആവശ്യപ്പെട്ടു. പ്ലക്കാർഡുകളുമായി ആരെയും സഭയിലേക്ക് വരാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് സഭ 12 മണി വരെ നിർത്തിവെക്കുകയായിരുന്നു.

പാർലമെന്റിൽ ചാന്ദ്രയാൻ-3 ചർച്ചക്കിടെയായിരുന്നു രമേഷ് ബി​ധു​രി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഭീകരവാദിയെന്ന് ആവർത്തിച്ച് വിളിക്കുകയും ഡാനിഷ് അലി മുസ്‍ലിം തീവ്രവാദിയും കൂട്ടിക്കൊടുപ്പുകാരനുമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ മുല്ലയെ പുറത്തേക്കെറിയൂ എന്നും രമേഷ് ബി​ധു​രി പറഞ്ഞു. ഇത് കേട്ട് മുൻ കേന്ദ്രമന്ത്രിമാരായ ഹർഷ് വർധന, രവിശങ്കർ പ്രസാദ് എന്നിവർ പൊട്ടിച്ചിരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - Lok Sabha proceeding adjourned till 12 noon after Danish Ali protest demanding action against Ramesh Bidhuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.