ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഹൃദയവും ആത്മാവുമാണ് ഭരണഘടനയുടെ 30-ാം അനുഛേദമെന്ന് അലീഗഢ് മുസ്‍ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഭരണഘടനാപരമാണെന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ, അലീഗഢ് കേസിന്റെ ഒന്നാം ദിവസത്തെ വാദം കേൾക്കലിൽ ഭരണഘടനാ ബെഞ്ചിനെ ഓർമിപ്പിച്ചു.
അലീഗഢിന്റെ എംബ്ലമൊന്ന് നോക്കണമെന്ന് ധവാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിനോട് പറഞ്ഞു. പച്ചനിറത്തിലുള്ള അലീഗഢിന്റെ എംബ്ലത്തിലുള്ളത് ഖുർആൻ വചനമാണ്. അലീഗഢ് സർവകാലാശാലയുടേതായി മുസ്‍ലിം പള്ളിയുണ്ട്. ഇസ്‍ലാമിക ദൈവശാസ്ത്രം അവിടെ പാഠ്യവിഷയമാണ്. അതൊരു മുസ്‍ലിം ന്യൂനപക്ഷ സ്ഥാപനമാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും അവിടെയുണ്ട്. നിയമമുണ്ടാക്കിയ ശേഷം ഇന്നോളം എല്ലാ അലീഗഢ് കോർട്ട് അംഗങ്ങളും ചാൻസലർമാരും 37ഓളം വൈസ് ചാൻസലർമാരും മുസ്‍ലിംകളാണ്. അക്കാദമിക് കൗൺസിലിലും എക്സിക്യൂട്ടീവ് കൗൺസിലിലും മുസ്‍ലിംകളാണ്. അലീഗഢ് സർവകലാശാലയിൽ മുസ്‍ലിംകളെ നിയമിക്കുന്നത് സർക്കാറാണ്.
ഭരണഘടനാപരമായി അലീഗഢിനെ പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കാനാവില്ലെന്നും ധവാൻ വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താമെന്ന് പറയുന്ന ഭരണഘടന അനുഛേദത്തിലെ ‘ഇഷ്ടപ്രകാരം’ എന്ന പ്രയോഗത്തിന് അടിവരയിടണമെന്ന് ധവാൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് രണ്ട് അവകാശം നൽകുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുളള അവകാശമാണത്. ഏതെങ്കിലും നിയമം കൊണ്ട് ഭരണഘടനാ അനുഛേദത്തെ മറികടക്കാനാകില്ലെന്നും യു.ജി.സി നിയമം പോലും ഭരണഘടനയുടെ 30-ാം അനുഛേദത്തെ മറികടക്കുന്നില്ലെന്നും ധവാൻ ബോധിപ്പിച്ചു. വാദം ഇന്നും തുടരും.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ.ബി പർദീവാല, ദീപാങ്കർ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചാണ് അലീഗഢിന്റെ ന്യൂനപക്ഷ പദവി പരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.