ന്യൂഡൽഹി: ശ്രീരാമൻ തന്‍റെ ഹൃദയത്തിലുണ്ടെന്നും അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ലെന്നും രാജ്യസഭ എം.പി കപിൽ സിബൽ. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് കപിൽ സിബൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'രാമൻ എന്‍റെ ഹൃദയത്തിലുണ്ട്. അത് പുറത്തുകാട്ടി പ്രഹസനമാക്കേണ്ട ഒന്നല്ല. രാമൻ എന്‍റെ ഹൃദയത്തിലുണ്ടെങ്കിൽ, എന്‍റെ യാത്രയിലുടനീളം വഴികാട്ടുന്നുണ്ടെങ്കിൽ, അതിനർഥം ഞാൻ ശരിയായ ചില കാര്യങ്ങൾ ചെയ്യുന്നുവെന്നാണ്' -കപിൽ സിബൽ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് പ്രഹസനമായ പ്രകടനമാണ്. അവർ (ബി.ജെ.പി) രാമനെ കുറിച്ച് പറയുന്നു. എന്നാൽ, അവരുടെ രീതികളോ സ്വഭാവമോ ഒന്നും ഒരിക്കലും രാമന്‍റെ ഏഴയലത്തില്ല. സത്യസന്ധത, സഹിഷ്ണുത, ത്യാഗം, മറ്റുള്ളവരോടുള്ള ബഹുമാനം മുതലായവ രാമന്‍റെ സ്വഭാവസവിശേഷതകളിൽ ചിലതാണ്. എന്നാൽ, അവർ ചെയ്യുന്നതോ ഇതിന് നേർവിപരീതവും. അവരുടെ ഹൃദയത്തിലുള്ളത് രാമനല്ല. രാമന്റെ തത്ത്വങ്ങൾ ഹൃദയത്തിൽ ഉണ്ടായിരിക്കുകയും അവ പാലിച്ചുകൊണ്ട് ഭരണഘടനാ ലക്ഷ്യങ്ങൾ നിറവേറ്റുകയും വേണം -കപിൽ സിബൽ പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാന നേതാക്കൾക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമ, കായിക മേഖല തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കും. സോണിയ ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രതിപക്ഷത്തെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.