ജയ്പുർ: രാജസ്ഥാനിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന്റെ ആരവങ്ങൾ അണയും മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന മന്ത്രി സുരേന്ദ്രപാൽ സിങ് കോൺഗ്രസ് സ്ഥാനാർഥിയോട് 11,283 വോട്ടിന് തോറ്റു. കരൺപുർ മണ്ഡലത്തിലാണ് കോൺഗ്രസിലെ രൂപീന്ദർ സിങ് കൂനർ 94,950 വോട്ട് നേടി സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കാർഷിക മാർക്കറ്റിങ് ബോർഡ് മന്ത്രിയെ തോൽപിച്ചത്.
നേരത്തേ, കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഗുർമീത് സിങ്ങിന്റെ മരണത്തെതുടർന്നാണ് കരൺപുറിലെ തെരഞ്ഞെടുപ്പ് മാറ്റിയത്. കോൺഗ്രസ് ഗുർമീതിന്റെ മകനെതന്നെ ഇവിടെ സ്ഥാനാർഥിയാക്കി. 2018 തെരഞ്ഞെടുപ്പിലും ഇവിടെ സുരേന്ദ്രപാൽ സിങ് മത്സരിച്ച് തോറ്റിരുന്നു. അന്ന് തോറ്റത് ഗുർമീതിനോടാണ്.
ബി.ജെ.പിയുടെ അഹങ്കാരത്തിനെയാണ് കരൺപുറിലെ ജനം തോൽപിച്ചതെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട് പറഞ്ഞു. കൂനറിന്റെ വിജയത്തോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസ് അംഗബലം 70 ആയി. നിയമസഭാംഗമല്ലാതെ മന്ത്രിയായി നിയമിതനായാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിൽ ജയിച്ച് എം.എൽ.എ ആകണമെന്നാണ് ചട്ടം. ഇതുപ്രകാരമായിരുന്നു സുരേന്ദ്രപാലിന്റെ അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.