മീററ്റിലെ ആ വീട്ടിലേക്ക് വെള്ളിയാഴ്ച രാവിലെ എത്തിയ വിവരം ആ കുടുംബത്തെയാകെ ഉലച്ചു കളയുന്നതായിരുന്നു. വ്യോമസേനയിൽ പൈലറ്റായ അവരുടെ ഏക മകൻ അഭിനവ് ചൗധരിയുടെ വിമാനം പഞ്ചാബിലെ മോഗാ ജില്ലയിൽ അപകടത്തിൽ പെട്ടു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. വൈകാതെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പമുള്ള അവധി ആഘോഷത്തിനും പുതുമ മാറാത്ത വിവാഹ ജീവിതത്തിലേക്കുമായി വരാനൊരുങ്ങുന്ന മകനെ കാത്തിരിക്കുകയായിരുന്നു അവർ. പക്ഷേ, അപ്രതീക്ഷിതമായ ഒരു അപകടം ആ ധീര സൈനികനെ തട്ടിയെടുക്കുകയായിരുന്നു.
മോഗ ജില്ലയിലെ ആളൊഴിഞ്ഞ വയലിൽ മിഗ് 21 വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിെൻറ രണ്ട് കിലോമീറ്റർ അകലെ നിന്നാണ് അഭിനവ് ചൗധരിയുടെ മൃതദേഹം ലഭിച്ചത്. നാല് മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കെണ്ടത്തിയത്. പാരച്യൂട്ടിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കഴുത്തിനും മറ്റും ഗുരുതരമായി പരിക്കേറ്റതിനാൽ രക്ഷപ്പെടാനായില്ല.
സാധാരണ കുടുംബത്തിൽ നിന്നുള്ള അഭിനവ് ചൗധരിക്ക് സൈന്യത്തിെൻറ ഭാഗമാകണമെന്ന് അതിയായ ആഗ്രഹം കാരണം എയർഫോഴ്സ് അകാദമിയിൽ ചേരുകയായിരുന്നു. ഒരു ഒാഫീസ് ജീവനക്കാരനായിരുന്ന പിതാവ് സത്യേന്ദ്ര ചൗധരിയെ അഭിനവ് സൈന്യത്തിൽ ചേർന്ന ശേഷമാണ് ജോലി ഒഴിവാക്കുന്നത്. ഇനി കുടുംബത്തിെൻറ ചുമതലകൾ താൻ ഏറ്റെടുക്കുകയാണെന്ന അഭിനവിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് സത്യേന്ദ്ര ജോലി ഉപേക്ഷിക്കുന്നത്.
2019 ഡിസംബറിലാണ് അഭിനവിെൻറ വിവാഹം കഴിഞ്ഞത്. ഭാര്യ സോനിക ഫ്രാൻസിൽ നിന്നുള്ള പഠനം കഴിഞ്ഞെത്തിയത് ഇൗയടുത്താണ്. അവധിക്ക് നാട്ടിൽ വരാനൊരുങ്ങിയ മകനെ ഇപ്പോൾ അവിടെ നിൽക്കുന്നതാണ് സുരക്ഷിതമെന്ന് പറഞ്ഞ് താനാണ് പിന്തിരിപ്പിച്ചതെന്ന് പറഞ്ഞ് വിലപിക്കുകയായിരുന്നു പിതാവ് സത്യേന്ദ്ര.
ബി ടെകിന് പഠിക്കുന്ന ഒരു സഹോദരിയും വീട്ടമ്മയായ മാതാവുമാണ് അഭിനവിെൻറ കുടുംബത്തിൽ വേറെയുള്ളത്. സൈനിക സേവനത്തിെൻറ ഉയരങ്ങളും കുടുംബ ജീവിതത്തിെൻറ സൗന്ദര്യവും സ്വപ്നം കണ്ട ഒരു യുവ പോരാളിയെയാണ് കഴിഞ്ഞ ദിവസം പഞ്ചാബിലുണ്ടായ മിഗ് അപകടത്തിലൂടെ രാജ്യത്തിന് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.