ന്യൂഡൽഹി: പാചകവാതകസബ്സിഡി നിർത്തലാക്കിയതിനെതിരെ പാർലമെൻറിെൻറ ഇരുസഭകളിലും പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. ഇതേതുടർന്ന്, ദരിദ്രർക്ക് മാത്രമാക്കുന്ന തരത്തിൽ സബ്സിഡി യുക്തിസഹമാക്കി മാറ്റുകയാണ് ചെയ്തതെന്ന ന്യായീകരണവുമായി സർക്കാർ രംഗത്തുവന്നു.
സബ്സിഡി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭ സ്തംഭിപ്പിച്ചു. കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, ഇടതുപാർട്ടികൾ എന്നിവയുടെ എം.പിമാർ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ ആണ് വിഷയം ഉന്നയിച്ചത്. അടുത്ത മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാൻ മാസംതോറും നാല് രൂപ കുറക്കാനുള്ള ജനദ്രോഹതീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഡെറിക് ആവശ്യപ്പെട്ടു. ജനങ്ങളുെടമേൽ ഭാരം അടിച്ചേൽപിക്കുന്നതാണ് തീരുമാനമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തുടർന്ന് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷഅംഗങ്ങൾ ഒന്നടങ്കം നടുത്തളത്തിലിറങ്ങുകയായിരുന്നു.
10 മിനിറ്റിനുശേഷം സഭ വീണ്ടും ചേർന്നപ്പോൾ സബ്സിഡി ഒഴിവാക്കുന്നത് അസ്വീകാര്യമാണെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. പ്രതിപക്ഷത്തിന് പിന്തുണയുമായി രംഗത്തുവന്ന ജനതാദൾ-യു നേതാവ് ശരദ് യാദവും സർക്കാറിനെതിരെ അതിരൂക്ഷവിമർശനം നടത്തി. തുടർന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി പറയാൻ എഴുന്നേറ്റെങ്കിലും പ്രതിപക്ഷബഹളത്തിനിടയിൽ സംസാരം തടസ്സപ്പെട്ടു. തിങ്കളാഴ്ച ലോക്സഭയെ അറിയിച്ചതിന് വിപരീതമായി, പാചകവാതകസബ്സിഡി റദ്ദാക്കുകയല്ല യുക്തിസഹമാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ബഹളത്തിനിടയിൽ അവകാശപ്പെട്ടു. പ്രതിപക്ഷബഹളം അനാവശ്യമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിെൻറ കാലത്താണ് സബ്സിഡി വെട്ടിക്കുറക്കാനുള്ള തീരുമാനമെടുത്തതെന്നും വാദിച്ചു. ഇത് കള്ളമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് പറഞ്ഞു.
ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഇടത്-വലത് എം.പിമാർ സബ്സിഡി നിർത്തലാക്കിയതിനെതിരെ രംഗത്തുവന്നു. മറുപടി നൽകാൻപോലും സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോകുകയും ചെയ്തു. ഒാരോ മാസവും നാല് രൂപയെന്ന തോതിൽ വെട്ടിക്കുറച്ച് 2018 മാർച്ചോടെ പാചകവാതക സബ്സിഡി പൂജ്യത്തിലെത്തിക്കുമെന്ന് തിങ്കളാഴ്ച മന്ത്രി പ്രധാൻ തന്നെയാണ് ലോക്സഭയെ അറിയിച്ചത്.ഹസനുൽ ബന്ന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.