ന്യൂഡൽഹി: പഞ്ചാബിലെ ജാലിയൻവാല ബാഗ് സ്മാരക നടത്തിപ്പു ട്രസ്റ്റിൽനിന്ന് േകാൺഗ്രസ് പ്രസിഡൻറിനെ നീക്കംചെയ്യുന്ന ബിൽ ലോക്സഭ പാസാക്കി. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ചരിത്രം തിരുത്തുന്ന സർക്കാർ നടപടിയെച്ചൊല്ലി ബിൽ ചർച്ചയിൽ വാക്കേറ്റവും കോൺഗ്രസിെൻറ ഇറങ്ങിപ്പോക്കുമുണ്ടായി.
1951ൽ തുടങ്ങിയ ജാലിയൻവാല ബാഗ് സ്മാരക ട്രസ്റ്റുമായി ബന്ധപ്പെട്ട നിയമഭേദഗതി 68 വർഷങ്ങൾക്കിടയിൽ ഇതാദ്യമാണ്. പ്രധാനമന്ത്രി, കോൺഗ്രസ് അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, പഞ്ചാബ് ഗവർണർ, മുഖ്യമന്ത്രി എന്നിവർ ഉൾപ്പെട്ടതാണ് ട്രസ്റ്റ്. എന്നാൽ, നിയമഭേദഗതി വഴി പ്രധാനമന്ത്രി, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ ലോക്സഭ നേതാവ്, സാംസ്കാരിക മന്ത്രി, പഞ്ചാബ് ഗവർണർ, മുഖ്യമന്ത്രി എന്നിവരാണ് ട്രസ്റ്റ് അംഗങ്ങൾ. നാമനിർദേശം ചെയ്യുന്ന ട്രസ്റ്റിയെ കാലാവധിക്കുമുമ്പ് കാരണം കൂടാതെ നീക്കാനും നിയമഭേദഗതി സർക്കാറിന് അധികാരം നൽകുന്നു.
ബി.ജെ.പിക്കോ അതിെൻറ മുൻതലമുറക്കോ പങ്കാളിത്തമില്ലാത്ത സ്വാതന്ത്ര്യ സമരത്തിെൻറ ചരിത്രത്തിൽനിന്ന് കോൺഗ്രസിെൻറ ത്യാഗം തുടച്ചു നീക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അംഗം ഗുർജിത് ഒാജ്ല ചർച്ചയിൽ ഒാർമിപ്പിച്ചു. ചരിത്രം വളച്ചൊടിക്കുകയാണ് ബി.ജെ.പി. മഹാത്മഗാന്ധി താൽപര്യമെടുത്ത് തുടങ്ങിയ സ്മാരകമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1984ലെ സിഖ് കൂട്ടക്കൊല പ്രശ്നം അകാലിദൾ നേതാവും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ ഇതോടെ എടുത്തിട്ടു. സിഖ് കൂട്ടക്കൊലയിൽ പങ്കുള്ളയാളെ മുഖ്യമന്ത്രിയാക്കിയ ചരിത്രമാണ് കോൺഗ്രസിേൻറത്. ജാലിയൻവാല ബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജനറൽ ഡയറെ പുകഴ്ത്തി പഞ്ചാബ് മുഖ്യമന്ത്രിയുടെ അടുത്തബന്ധു സംസാരിെച്ചന്നും ഹർസിമ്രത്കൗർ പറഞ്ഞു.
രാജ്യത്തിെൻറ അഭിമാനകരമായ ചരിത്രം തിരുത്തിയെഴുതാനല്ല, പുതിയ ചരിത്രം രചിക്കാനാണ് ജനവിധി സർക്കാർ ഉപയോഗപ്പെടുത്തേണ്ടതെന്ന് ആർ.എസ്.പിയിലെ എന്.കെ. പ്രേമചന്ദ്രന് പറഞ്ഞു. ദേശീയ ഐക്യത്തിന് പ്രയോജനപ്പെടുത്തേണ്ട സ്മാരകങ്ങളെപ്പോലും രാഷ്്ട്രീയ, മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിനായി ദുരുപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.