അന്നക്ക് പിന്നാലെ സദാഫ് ഫാത്തിമയും; ബാങ്ക് ജീവനക്കാരിയുടെ മരണം ജോലി സമ്മർദം കാരണമെന്ന് സഹജീവനക്കാർ

ലഖ്നോ: പൂണെയിൽ ജോലി സമ്മർദം മൂലം ഇവൈ കമ്പനി ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് പിന്നാലെ സമാന മരണം ലഖ്നോവിലും. ബാങ്ക് ജീവനക്കാരിയാണ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്കിൽ അഡീഷണൽ ഡെപ്യൂട്ടി വൈസ്-പ്രസിഡന്റായി ജോലി ചെയ്യുന്ന സദാഫ് ഫാത്തിമയാണ് ബാങ്കിന്റെ വിഭുതി ഖാണ്ഡ് ബ്രാഞ്ചിൽ ജോലിക്കിടെ മരിച്ചത്.

​കഴിഞ്ഞ ദിവസം ഓഫീസിൽ​ ​ജോലി ചെയ്യുന്നതിനിടെ സദാഫ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സദാഫിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ജോലി സമ്മർദമാണ് സദാഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

യുവതിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. സംഭവം ആശങ്കപ്പെടുത്തുന്നതാണെന്നും ഇന്ത്യയുടെ സാമ്പത്തിക സമ്മർദത്തിന്റെ നേർചിത്രമാണെന്നും അഖിലേഷ് എക്സിൽ കുറിച്ചു.

എല്ലാ കമ്പനികളും സർക്കാർ വകുപ്പുകളും ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കണം. രാജ്യത്തിന് കനത്ത നഷ്ടമാണ് ഇത്തരത്തിൽ ജീവനക്കാർ മരിക്കുന്നത്. മരണങ്ങൾ ജോലി സാഹചര്യത്തെ കുറിച്ച് ഗൗരവകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഉൽപന്നങ്ങളുടെയും സേവനങ്ങളുടേയും വർധനയല്ല ആളുകൾക്ക് സ്വതന്ത്ര്യമായും സന്തോഷമായും ആരോഗ്യകരമായും ജീവിക്കാനുള്ള സാഹചര്യമാണ് രാജ്യങ്ങളിൽ വേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന. ജോലി സമ്മർദമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ കമ്പനി മേധാവിക്ക് ഇമെയിൽ അയച്ചതോടെ സംഭവം രാജ്യാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

Tags:    
News Summary - Lucknow: HDFC Bank employee dies after falling off chair, peers allege ‘work pressure’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.