ലുലു മാളിലേത് ആസൂത്രിത വിവാദമോ? 18 സെക്കന്‍ഡില്‍ നമസ്കാരം പൂർത്തിയാക്കി; വിഡിയോ എടുത്തത് ഒപ്പമുള്ളവർ

ലഖ്‌നോ: യു.പിയിലെ ലുലു മാളിലുണ്ടായ നമസ്കാര വിവാദം ആസൂത്രിതമെന്ന് സംശയം ഉയരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലുമാളിനെതിരായ നീക്കം ആസൂത്രിതമെന്നാണ് ആരോപണം ഉയരുന്നത്. മാളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടർന്ന് വൻ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്. വിഡിയോയില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ മുസ്ലിംകളെ മാളില്‍ പ്രാർഥിക്കാന്‍ അനുവദിച്ചാല്‍, തങ്ങൾക്ക് അവിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. മാളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 80 ശതമാനം മുസ് ലിംകളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും ആരോപണം ഉയർന്നു.

യു.പിയിലെ ഏറ്റവും വലിയ മാള്‍ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി തുറന്നുകൊടുത്തത്. തുറന്നതിന്റെ രണ്ടാം ദിവസമാണ് മാളിനുള്ളിൽ ഒരു സംഘം ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ മാള്‍ മാനേജ്‌മെന്റ് പരാതി രജിസ്റ്റര്‍ ചെയ്യുകയും പോലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാനും ബോധപൂര്‍വം നടത്തിയ പദ്ധതിയുടെ ഭാഗമാണ് വിവാദമെന്ന് തുടക്കം മുതല്‍ സംശയം ഉയര്‍ന്നിരുന്നു.

ദൃശ്യങ്ങൾ പറയുന്നത്

മാള്‍ അധികൃതര്‍ പൊലീസിന് കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നതായാണുള്ളത്. അവരാരും മാൾ കാണുന്നതിനോ ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാനോ ശ്രമിക്കുന്നില്ല. അവര്‍ ഒന്നും വാങ്ങുകയോ മാളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്തില്ല. തിരക്കിട്ടുവരുന്ന അവര്‍ അകത്തുകയറിയ ഉടൻ നമസ്‌കരിക്കാൻ ഇടം തേടാന്‍ തുടങ്ങുന്നു. സംഘം ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സുരക്ഷാ ജീവനക്കാര്‍ തടയുന്നു

നമസ്കരിക്കാൻ തുടങ്ങുന്ന ഇവരെ പലതവണ സുരക്ഷാ ജീവനക്കാർ തടയുന്നുണ്ട്.താഴത്തെ നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്ന് ആൾക്കൂട്ടമുള്ള ഒന്നാം നിലയിലേക്ക് പോയി. അവിടേയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതിനുശേഷം അവർ രണ്ടാം നിലയിലെത്തി. അവിടെ തിരക്ക് കുറവായിരുന്നു. ഇതിനിടെ യുവാക്കൾ നമസ്‌കരിക്കാൻ തുടങ്ങി. എട്ട് യുവാക്കൾ മാളിലേക്ക് വന്നതിൽ രണ്ടുപേർ വിഡിയോ എടുക്കുകയായിരുന്നു. എങ്ങിനെ നമസ്കരിക്കണം എന്നതിനെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ അറിവില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി അഡീഷണല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

18 സെക്കൻഡിൽ നമസ്കാരം പൂർത്തിയാക്കി

സാധാരണ ഒരു നേരത്തെ നമസ്കാരം പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ എടുക്കുമ്പോള്‍, ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കി. അതേസമയം, ഇവർ ശരിയായ ദിശയിലല്ല നമസ്കരിച്ചതെന്നും വിഡിയോയിൽ വ്യക്തമാണ്. സാധാരണ കഅബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്‍ലിംകൾ നമസ്കരിക്കുക. ഇവർ വിപരീത ദിശയിലാണ് നമസ്കരിച്ചിരിക്കുന്നത്. സാധാരണ നമസ്‌കരിക്കുമ്പോൾ എല്ലാവരുടെയും മുഖം ഒരു വശത്തായിരിക്കണം. എന്നാൽ വിഡിയോയിൽ, നമസ്‌കാരം അർപ്പിക്കുന്ന യുവാക്കളിൽ ഒരാൾ മറ്റൊരു ദിശയിലേക്ക് നിൽക്കുന്നതായും കാണാം.

ഗൂഢാലോചനയെക്കുറിച്ച് തുടക്കത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ച ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ താഹിറ ഹസന്‍ ഇതൊരു ആസൂത്രിത നീക്കമാണെന്ന് ഉറപ്പിച്ച് പറയുന്നു. വടക്കേ ഇന്ത്യയിൽ പടിഞ്ഞാറന്‍ ദിശയിലുള്ള കഅബയെ അഭിമുഖീകരിച്ചാണ് എപ്പോഴും നമസ്‌കരിക്കുന്നത് എന്നത് ഇവര്‍ക്ക് അറിവില്ലെന്ന് വ്യക്തമാണ്. അവരെല്ലാം പടിഞ്ഞാറിനെ അഭിമുഖീകരിക്കുമ്പോള്‍, അവരില്‍ ഒരാളുടെ മുഖം മറ്റൊരു ദിശയിലേക്കാണ് തിരിച്ചത്. തിടുക്കപ്പെട്ട് നമസ്‌കരിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം അവര്‍ പെട്ടെന്നുതന്നെ മാളില്‍ നിന്ന് പുറത്തിറങ്ങി. മാളിന്റെ ചുറ്റും നോക്കാതെ മടങ്ങി പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും താഹിറ പറഞ്ഞു.

ലഖ്‌നോ സാമുദായിക സൗഹാർദ്ദത്തിന്റെയും ഗംഗാ-ജമുനി സംസ്‌കാരത്തിന്റെയും കേന്ദ്രമായിരിക്കെ, സാമുദായിക സംഘർഷം വളർത്താനുള്ള ബോധപൂർവമായ കൊള്ളരുതായ്മ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മതവിശ്വാസികളായ മുസ്‌ലിംകൾ പ്രാർഥനകൾ നടത്തുമ്പോൾ വീഡിയോകൾ എടുക്കുക പതിവില്ലെന്നും ഇത് ആസൂത്രിതമാകാനേ തരമുള്ളൂ എന്നും സാമൂഹിക പ്രവർത്തകൻ ദീപക് കബീറും ചൂണ്ടിക്കാട്ടുന്നു.

വിവാദത്തിന്റെ തുടക്കത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷൻ ഇൻചാർജിനെ സ്ഥലംമാറ്റിയിരുന്നു. അജയ് പ്രതാപ് സിങിനെയാണ് ലഖ്‌നോ പൊലീസ് കമ്മീഷണറേറ്റ് സ്ഥലംമാറ്റിയത്. ഗോസായിഗഞ്ച് ഇൻസ്പക്ടർ ശൈലേന്ദ്ര പ്രതാപ് സിങ്ങാണ് പുതിയ സ്റ്റേഷൻ ഇൻചാർജ്. അജയ് പ്രതാപിനെ പൊലീസ് ലൈനിലേക്കു മാറ്റി. ദക്ഷിണ മേഖലാ ഡി.സി.പി ഗോപാൽ കൃഷ്ണ ചൗധരിയെയും നീക്കി. സുഭാഷ് ഷാക്യയാണ് പുതിയ ഡി.സി.പി. ഗോപാൽ കൃഷ്ണയെ ക്രൈം വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.

മാള്‍ മാനേജ്‌മെന്റ് സി.സി.ടി.വി ദൃശ്യങ്ങള്‍ പോലിസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Lulu Mall Controversy: Namaz was read conspiratorially in Lulu Mall, CCTV revealed the secret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.