ജാഗ്രതൈ! ഒ.ടി.പി കൊടുത്തില്ലെങ്കിലും പണം തട്ടും!; ഡോക്ടർക്ക് നഷ്ടമായത്​ 89,000 രൂപ

ലുധിയാന: ബാങ്കിൽനിന്ന്​ മൊബൈലിലേക്ക്​ അയക്കുന്ന ഒ.ടി.പി (വൺ ടൈം പാസ്​വേഡ്​) തന്ത്രത്തിൽ ശേഖരിച്ച്​ നടത്തുന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന്​ വ്യത്യസ്​തമായി ലുധിയാനയിൽ വേറിട്ട തട്ടിപ്പ്​. ഓൺലൈനിൽ വിമാന ടിക്കറ്റ്​ വാങ്ങിയ ഡോക്​ടറിൽനിന്നാണ്​ കാഷ്​ റിവാർഡ്​ ലഭിച്ചതായി അറിയിച്ച്​ ഓൺലൈൻ തട്ടിപ്പ്​ സംഘം പണം തട്ടിയത്​. ഡോക്​ടറുടെ ഫോണിൽ വന്ന ഒ.ടി.പി (വൺ ടൈം പാസ്​വേഡ്​) അയച്ചുതരാൻ തട്ടിപ്പുകാർ ചോദിച്ചിരുന്നെങ്കിലും ഡോക്​ടർ നൽകിയിരുന്നില്ല. എന്നിട്ടും തട്ടിപ്പുകാർ 89,000 രൂപ അടിച്ചുമാറ്റിയത്​ അന്വേഷണ ഉദ്യോഗസ്​ഥരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്​.

ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ അനസ്‌തേഷ്യോളജി പ്രഫ. ഡോ. ക്രിസ്റ്റീന ജോർജാണ്​ വിദഗ്​ധമായ തട്ടിപ്പിന്​ ഇരയായത്​. വിമാന ടിക്കറ്റ്​ വാങ്ങിയതിന്​ 2020 ഒക്ടോബറിലാണ്​ ഇവർക്ക് റിവാർഡ് പോയിന്‍റ്​ ലഭിച്ചെന്ന വാഗ്​ദാനവുമായി ബാങ്ക് എക്‌സിക്യൂട്ടീവെന്ന വ്യാജേന തട്ടിപ്പുകാർ ഫോൺ വിളിച്ചത്​. ഡോക്​ടറുടെ ടിക്കറ്റ്​, ബാങ്ക്​ ഇടപാടിന്‍റെ വിശദാംശങ്ങളും മറ്റും ഫോൺ വിളിച്ചവർ ഇങ്ങോട്ട്​ പങ്കുവെക്കുകയും ചെയ്​തു. തുടർന്ന്​ ഒരു ഒ.ടി.പി വരുമെന്നും അത്​ തങ്ങളെ അറിയിക്കണമെന്നും തട്ടിപ്പുകാർ പറഞ്ഞു. എന്നാൽ, പന്തികേടുതോന്നിയ ഡോക്​ടർ ഒ.ടി.പി നൽകിയില്ല. അതിനിടെ, തുടർച്ചയായി അഞ്ച് എസ.എം.എസുകൾ ഫോണിൽ ലഭിച്ചു. സംശയം തോന്നി അക്കൗണ്ട്​ പരിശോധിച്ചപ്പോഴാണ്​ 89,000 നഷ്ടപ്പെട്ട വിവരം അറിയുന്നത്​.

'പേ യു' എന്ന ആപ്ലിക്കേഷൻ വഴിയാണ് പണം ട്രാൻസ്ഫർ ചെയ്തതെന്നും നാല് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും സൈബർ സെൽ ഇൻ-ചാർജ് ഇൻസ്പെക്ടർ ജതീന്ദർ സിങ്​ പറഞ്ഞു. സുരക്ഷിതമല്ലാത്ത ബ്രൗസറോ വെബ്‌സൈറ്റോ ഉപയോഗിച്ചതാകാം ഡോക്ടർ ഒ.ടി.പി ഷെയർ ചെയ്യാതിരുന്നിട്ടും തട്ടിപ്പ്​ നടത്താൻ പ്രതികളെ സഹായിച്ചതെന്ന്​ സംശയിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് സ്വദേശികളായ ശങ്കർ, വിനോദ് കുമാർ എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 (വഞ്ചന), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം കേസെടുത്തു.

Tags:    
News Summary - Lured by promise of cash reward, doctor loses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.