ജാഗ്രതൈ! ഒ.ടി.പി കൊടുത്തില്ലെങ്കിലും പണം തട്ടും!; ഡോക്ടർക്ക് നഷ്ടമായത് 89,000 രൂപ
text_fieldsലുധിയാന: ബാങ്കിൽനിന്ന് മൊബൈലിലേക്ക് അയക്കുന്ന ഒ.ടി.പി (വൺ ടൈം പാസ്വേഡ്) തന്ത്രത്തിൽ ശേഖരിച്ച് നടത്തുന്ന ഓൺലൈൻ തട്ടിപ്പിൽ നിന്ന് വ്യത്യസ്തമായി ലുധിയാനയിൽ വേറിട്ട തട്ടിപ്പ്. ഓൺലൈനിൽ വിമാന ടിക്കറ്റ് വാങ്ങിയ ഡോക്ടറിൽനിന്നാണ് കാഷ് റിവാർഡ് ലഭിച്ചതായി അറിയിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം പണം തട്ടിയത്. ഡോക്ടറുടെ ഫോണിൽ വന്ന ഒ.ടി.പി (വൺ ടൈം പാസ്വേഡ്) അയച്ചുതരാൻ തട്ടിപ്പുകാർ ചോദിച്ചിരുന്നെങ്കിലും ഡോക്ടർ നൽകിയിരുന്നില്ല. എന്നിട്ടും തട്ടിപ്പുകാർ 89,000 രൂപ അടിച്ചുമാറ്റിയത് അന്വേഷണ ഉദ്യോഗസ്ഥരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്.
ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ അനസ്‌തേഷ്യോളജി പ്രഫ. ഡോ. ക്രിസ്റ്റീന ജോർജാണ് വിദഗ്ധമായ തട്ടിപ്പിന് ഇരയായത്. വിമാന ടിക്കറ്റ് വാങ്ങിയതിന് 2020 ഒക്ടോബറിലാണ് ഇവർക്ക് റിവാർഡ് പോയിന്‍റ് ലഭിച്ചെന്ന വാഗ്ദാനവുമായി ബാങ്ക് എക്‌സിക്യൂട്ടീവെന്ന വ്യാജേന തട്ടിപ്പുകാർ ഫോൺ വിളിച്ചത്. ഡോക്ടറുടെ ടിക്കറ്റ്, ബാങ്ക് ഇടപാടിന്‍റെ വിശദാംശങ്ങളും മറ്റും ഫോൺ വിളിച്ചവർ ഇങ്ങോട്ട് പങ്കുവെക്കുകയും ചെയ്തു. തുടർന്ന് ഒരു ഒ.ടി.പി വരുമെന്നും അത് തങ്ങളെ അറിയിക്കണമെന്നും തട്ടിപ്പുകാർ പറഞ്ഞു. എന്നാൽ, പന്തികേടുതോന്നിയ ഡോക്ടർ ഒ.ടി.പി നൽകിയില്ല. അതിനിടെ, തുടർച്ചയായി അഞ്ച് എസ.എം.എസുകൾ ഫോണിൽ ലഭിച്ചു. സംശയം തോന്നി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 89,000 നഷ്ടപ്പെട്ട വിവരം അറിയുന്നത്.
'പേ യു' എന്ന ആപ്ലിക്കേഷൻ വഴിയാണ് പണം ട്രാൻസ്ഫർ ചെയ്തതെന്നും നാല് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും സൈബർ സെൽ ഇൻ-ചാർജ് ഇൻസ്പെക്ടർ ജതീന്ദർ സിങ് പറഞ്ഞു. സുരക്ഷിതമല്ലാത്ത ബ്രൗസറോ വെബ്‌സൈറ്റോ ഉപയോഗിച്ചതാകാം ഡോക്ടർ ഒ.ടി.പി ഷെയർ ചെയ്യാതിരുന്നിട്ടും തട്ടിപ്പ് നടത്താൻ പ്രതികളെ സഹായിച്ചതെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് സ്വദേശികളായ ശങ്കർ, വിനോദ് കുമാർ എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 (വഞ്ചന), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.