ന്യൂഡൽഹി; പശുവിൻറെ പേരിൽ തന്നെയാണ് തങ്ങൾ കൊലപാതകം നടത്തിയതെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ. അവർ പശുവിനെ കൊന്നതിനാൽ ഞങ്ങൾ അവരെയും കൊന്നുവെന്നാണ് പ്രതികളുടെ ന്യായീകരണം. എൻ.ഡി.ടി.വി. ചാനലിൻറെ ഒളികാമറ ഒാപറേഷനിലാണ് പ്രതികൾ കാര്യങ്ങൾ തുറന്നുപറയുന്നത്. വെളിപ്പെടുത്തലിനെ തുടർന്ന് സംഭവത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഹാപൂർ ആൾകൂട്ടക്കൊലയിലെ ഇരയുടെ അഭിഭാഷകർ സുപ്രിംകോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
ആർ.എസ്.എസിനെക്കുറിച്ചും മറ്റ് ഹിന്ദുത്വ സംഘടനകളെ സംബന്ധിച്ചും പഠനം നടത്തുന്നവരെന്ന വ്യാജേനയാണ് ചാനൽ സംഘം പ്രതികളെ സമീപിച്ചത്. ഉത്തർപ്രദേശിലെ ഹാപൂരിൽ ജൂൺ 18ന് 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ 65കാരനായ സമീയുദ്ദീൻ എന്നയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൊലപാതകം, കലാപത്തിനുള്ള ശ്രമം എന്നിവ ചുമത്തി കേസിൽ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് പേരിൽ നാലുപേരും പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ജാമ്യത്തിലുള്ള രാമേശ് സിസോഡിയയെ തേടിയാണ് ബജദ ഖുർദ് ഗ്രാമത്തിലേക്ക് എൻ.ഡി.ടി.വി യാത്ര ചെയ്തത്.
സംഭവസമയത്ത് താൻ സ്ഥലത്തില്ലായിരുന്നെന്നും തനിക്ക് ഈ കൊലയിൽ യാതൊരു പങ്കുമില്ലെന്നുമാണ് സിസോദിയ കോടതിയിൽ നൽകിയ മൊഴി. എന്നാൽ ഒളികാമറയിൽ ഇയാൾ എല്ലാം തുറന്നു പറഞ്ഞു. ജയിൽ അധികൃതരോട് താൻ സത്യം തുറന്നു പറഞ്ഞിരുന്നെന്നും ഇയാൾ വ്യക്തമാക്കുന്നു. കേസിൽ സിസോദിയ അഞ്ചു ആഴ്ചയാണ് ജയിലിൽ കഴിഞ്ഞത്. അവർ പശുക്കളെ അറുത്തതിനാൽ ഞാൻ അവരെ കൊന്നുകളഞ്ഞെന്ന് ജയിലറോട് പറഞ്ഞിരുന്നു. ജയിലിൽ പോകാൻ എനിക്ക് ഭയമില്ലായിരുന്നു. ജയിലറുടെ ശ്രദ്ധ പിടിച്ചുപറ്റിയ എന്നോട് എൻെറ കേസ് എന്താണെന്നു അദ്ദേഹം ചോദിച്ചു.
ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ഒരു ഹീറോ പരിവേശം ലഭിച്ചതായി സിസോദിയ വിശദീകരിച്ചു. എന്നെ ജയിലിൽ നിന്ന് കൊണ്ടുവരാൻ 3-4 കാറുകൾവന്നു. ജനം എന്റെ പേരിൽ മുദ്രാവാക്യം മുഴക്കി. ആളുകൾ എന്നെ തുറന്ന കൈകളാൽ സ്വാഗതം ചെയ്തു, എനിക്ക് വളരെ അഭിമാനം തോന്നി. പോലീസിന്റെ നിർലോഭ പിന്തുണയെക്കുറിച്ചും സിസോദിയ വാചാലനായി. സർക്കാർ ഇടപെടൽ കാരണം പൊലീസ് ഞങ്ങളുെട ഭാഗത്തായിരുന്നു. ഇനിയിപ്പോൾ അസംഖാൻ അധികാരത്തിലെത്തിയാലും ഞങ്ങൾക്കൊരു കുഴപ്പവുമില്ല. സമാജ് വാദി പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്നയാളാണ് അസംഖാൻ.
ഖാസിമിന് വെള്ളം കൊടുക്കാൻ ചിലർ വിളിച്ചു പറയുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു മറുപടി. അയാൾക്ക് വെള്ളം കുടിക്കാൻ ഒരു അവകാശമില്ലെന്ന് ഞാൻ പറഞ്ഞു. ഒരു പശുവിനെ അറുത്തിരിക്കുന്നു. എൻെറ ആളുകൾ ഒാരോ നിമിഷവും അവനെ കൊല്ലും. ഖാസിം മരിക്കുമെന്ന് എനിക്ക് തോന്നി. സമീയുദ്ദീൻ ചോരയൊലിച്ച് നിൽക്കുന്നുണ്ടായിരുന്നു- സിസോദിയ വ്യക്തമാക്കി.
ജയ്പൂരിൽ നിന്ന് മൂന്ന് മണിക്കൂർ അകലെയുള്ള അൽവാറിലെ ബേഹ്റൂർ ടൗണിലേക്കാണ് ചാനൽ സംഘം പിന്നീട് യാത്ര ചെയ്ത്. 2017 ഏപ്രിലിൽ പഹ്ലുഖാൻ എന്നയാളെ ഇവിടെ കാലിക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഒമ്പത് പേരും പിന്നീട് ജാമ്യത്തിലിറങ്ങി. ഇവരിൽ ഒരാളായ വിപിൻ യാദവിനെയാണ് ചാനൽ സംഘം കണ്ടത്. അമേരിക്കയിൽ നിന്നുള്ള ഗവേഷകരെന്ന മട്ടിലായിരുന്നു കൂടിക്കാഴ്ച. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് കോടതിയിൽ ആവർത്തിച്ച വിപിൻ യാദവ് ചാനൽ സംഘത്തിന് മുമ്പിൽ എല്ലാക്കഥയും തുറന്ന് പറഞ്ഞു.
ഞങ്ങൾ അയാളെ ഒന്നര മണിക്കൂർ അടിച്ചു. ആദ്യം അവിടെ 10 പേരുണ്ടായിരുന്നു. പിന്നീട് ആളുകൾ കൂടി. കുറ്റകൃത്യത്തിൽ തന്റെ പങ്ക് സംബന്ധിച്ച് ഒരു സുപ്രധാന വിശദീകരണവും വിപിൻ നടത്തി. പെഹ്ലുഖാൻ ട്രക്ക് നിർത്തിയില്ല. അതിനാൽ അവരെ ഒാവർടേക്ക് ചെയ്ത് അവരുടെ ചാവി ഞങ്ങൾ വാങ്ങി. പെഹ്ലുവിനെ നന്നായി മർദിച്ചു. എന്നാൽ ട്രക്കിൻെറ താക്കോൽ എന്റെ പോക്കറ്റിൽ വെച്ചത് ഞാൻ മറന്നുപോയിരുന്നു. ഇതാണ് പിന്നീട് പ്രതിയാവാൻ കാരണമായത്- വിപിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.