മധ്യപ്രദേശിൽ 50 പശുക്കളെ പുഴയിലെറിഞ്ഞു; 20 എണ്ണം ചത്തു, പൊലീസ് കേസെടുത്തു

ഭോപ്പാൽ: മധ്യപ്രദേശിൽ സാത്ന ജില്ലയിൽ 50 പശുക്കളെ പുഴയിലെറിഞ്ഞു. ഇതിൽ 20 എണ്ണം ചത്തുവെന്ന് ജില്ലാ പൊലീസ് അറിയിച്ചു. പശുക്കൾ പുഴയിലൂടെ ഒഴുകി നടക്കുന്നതിനിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച നാഗോഡ് പൊലീസ് സ്റ്റേഷൻ പരിരിധിയിലാണ് സംഭവമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ 20 ഓളം പശുക്കൾ ചത്തുവെന്നാണ് വിവരം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പശുക്കൾ നദിയിൽ ഒഴുകി നടക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതെന്ന് സ്റ്റേഷൻ ഇൻ ചാർജ് അശോക് പാണ്ഡ്യ അറിയിച്ചു. റെയിൽവേ പാലത്തിന് മുകളിൽ നിന്നാണ് പശുക്കളെ താഴേക്ക് എറിഞ്ഞതെന്നാണ് സൂചന. വിഡിയോ പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ അയച്ച് പ്രദേശത്ത് പരിശോധന നടത്തിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, നാല് പേർക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും പാലീസ് അറിയിച്ചു. ബേട്ട ബാഗ്റി, രവി ബാഗ്റി, രാംപാൽ ചൗധരി, രാജ്‍ലു ചൗധരി എന്നിവർക്കെതിരെയാണ് ​മധ്യപ്രദേശ് പൊലീസ് ഗോഹത്യനിരോധന നിയമപ്രകാരം കേസെടുത്തത്. പുഴയിൽ വീണ പശുക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Madhya Pradesh: 50 cows thrown into swollen river, 20 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.