ജബൽപുർ: പരിക്കേറ്റ സ്ത്രീയെ തോളിലേറ്റി ആശുപത്രിയിലെത്തിക്കുന്ന പൊലീസുകാരെൻറ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മധ്യപ്രദേശിലെ ജബൽപൂരിൽ ചൊവ്വാഴ്ചയാണ് സംഭവം.
35 തൊഴിലാളികളുമായിപോയ ട്രക്ക് മറിയുകയായിരുന്നു. നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ സ്ട്രച്ചർ സൗകര്യമില്ലെന്ന് മനസിലാക്കിയ പൊലീസുകാർ പരിക്കേറ്റവരെ തോളിലേറ്റുകയായിരുന്നു.
വാഹനത്തിൽനിന്ന് രോഗികളെ തോളിലേറ്റി ആശുപത്രിയുടെ അകത്തേക്ക് കൊണ്ടുപോകുന്ന പൊലീസുകാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയായിരുന്നു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സന്തോഷ് സെൻ, കോൺസ്റ്റബ്ൾമാരായ അശോക്, രാജേഷ്, അങ്കിത് എന്നിവരാണ് പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏറ്റെടുത്തത്.
ദേഹമാസകലം മുറിവുകളുള്ള സ്ത്രീയെ 57കാരനായ സന്തോഷ് സെൻ തോളിലേറ്റി പോകുന്നത് വിഡിയോയിൽ കാണാം. കൂടാതെ മറ്റൊരു പൊലീസുകാരൻ സ്ത്രീയെയും സന്തോഷ് സെന്നിനെയും സഹായിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലായതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പൊലീസുകാർക്ക് അഭിനന്ദനവുമായി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.