ഗ്വാളിയാർ: മധ്യപ്രദേശിൽ 15 വർഷം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ അപ്രതീക്ഷിതമായി സഹപ്രവർത്തകർക്ക് മുമ്പിൽ. വേഷം ഭിക്ഷക്കാരെൻറയും. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ആദ്യം െഞട്ടിയെങ്കിലും പിന്നീട് അത്ഭുതവും സന്തോഷവുമായിരുന്നു സുഹൃത്തുക്കൾ കൂടിയായ സഹപ്രവർത്തകർക്ക്.
ചൊവ്വാഴ്ച രാത്രി നഗരത്തിലെ വിവാഹഹാളിൽ പോകാനിറങ്ങിയതായിരുന്നു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ രത്നേഷ് സിങ് തോമറും വിജയ് സിങ് ബഹദൂറും. വഴിമധ്യേ ഒരു ഭിക്ഷക്കാരനെ കണ്ടു. തണുത്തുവിറച്ചിരുന്ന അയാൾ വഴിയിൽ നിന്ന് ഭക്ഷണ അവശിഷ്ടങ്ങൾ തിരയുകയായിരുന്നു. ഇതുകണ്ട് ദയനീയത തോന്നിയ പൊലീസുകാർ ധരിക്കാനായി ജാക്കറ്റ് നൽകി. ജാക്കറ്റ് നൽകിയതോടെ പൊലീസുകാരുടെ പേരുകൾ വിളിക്കുകയായിരുന്നു. ഭിക്ഷക്കാരൻ തങ്ങളുടെ പേര് വിളിച്ചതോടെ ആദ്യം ഞെട്ടിയെങ്കിലും
2005ൽ കാണാതായ തങ്ങളുടെ സഹപ്രവർത്തകൻ മനീഷ് മിശ്രയാണെന്ന് ഇരുവരും മനസിലാക്കുകയായിരുന്നു. ഇദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ട് നേരിടുന്നതായും പൊലീസുകാർ പറഞ്ഞു. ദാട്ടിയ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്നു മനീഷ് മിശ്ര. 15 വർഷമായി മനീഷ് മിശ്ര എവിടെയാണെന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.
മാനസിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ മനീഷ് മിശ്രയെ പൊലീസുകാർ തന്നെ എൻ.ജി.ഒയിലാക്കി. 1999ലാണ് മനീഷ് മിശ്ര പൊലീസിൽ ചേരുന്നത്. മികച്ച ഷൂട്ടർ കൂടിയായിരുന്നു ഇദ്ദേഹം. കുറച്ചുവർഷങ്ങൾക്കുശേഷം ഇദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കുടുംബം ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. എന്നാൽ ഒരുദിവസം മനീഷ് മിശ്രയെ കാണാതാകുകയായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും തോമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.